കമ്പാല: ഉഗാണ്ടയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹവുമായി ചര്‍ച്ച നടത്തി വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍. ഇന്ത്യ-ഉഗാണ്ട ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യന്‍ ബിസിനസ് സമൂഹം നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയും വികാസവും ഉള്‍ക്കൊള്ളുന്ന ബിസിനസ് ബന്ധങ്ങളുടെ പാലം കെട്ടിപ്പടുക്കുന്നത് തുടരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പുരോഗതിയും സമൃദ്ധിയും ഉഗാണ്ടയ്‌ക്ക് ഗുണം ചെയ്യുമെന്നും അതിന്റെ അനുഭവങ്ങള്‍ ഉഗാണ്ടയുടെ വികസനത്തില്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉഗാണ്ടയിലും മൊസാംബിക്കിലും വിദേശകാര്യമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഏപ്രിൽ 13 മുതൽ 15 വരെ ജയശങ്കർ മൊസാംബിക്കിലുണ്ടാകും. 2010-ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മൊസാംബിക് സന്ദര്‍ശിക്കുന്നത്. സന്ദർശന വേളയിൽ അദ്ദേഹം മൊസാംബിക്കിന്റെ ഉന്നത നേതൃത്വത്തെ കാണും.
മൊസാംബിക്ക് വിദേശകാര്യ മന്ത്രി വെറോണിക്ക മകാമോയുമായി സംയുക്ത കമ്മീഷന്റെ അഞ്ചാമത് സെഷനില്‍ ഡോ. ജയശങ്കര്‍ സഹ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് മറ്റ് നിരവധി മന്ത്രിമാരുമായും മൊസാംബിക്കിലെ അസംബ്ലി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മൊസാംബികിലെ ഇന്ത്യന്‍ പ്രവാസികളുമായും ജയശങ്കര്‍ ആശയവിനിമയം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു