വാഷിംങ്ടൺ: ഇന്ത്യയിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്. ഇന്ത്യയിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കയിലെ വാഷിംങ്ടണിൽ നടന്ന ലോകബാങ്ക് വാർഷിക സമ്മേളനത്തിൽ സ്ത്രീകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘടിപ്പിച്ച കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രധാനമന്ത്രി നടത്തുന്ന വികസനപ്രവർത്തനങ്ങളെയും സ്ത്രീകൾക്ക് വേണ്ടി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെയും മാൽപാസ് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുന്നുവെന്നും മാൽപാസ് ഡേവിഡ് കൂട്ടിച്ചേർത്തു. ലോകത്തിന്റെ ഏത് മേഖലകളിലും സ്തീകൾ മുന്നേറുകയാണെന്നും ഡിജിറ്റൽ പണമിടപാട് മേഖലയിലും സ്ത്രീകൾ വളരെയധികം മുന്നേറിയെന്നും ഡേവിഡ് മാൽപാസ് വ്യക്തമാക്കി.
സ്ത്രീകൾക്കായി ഇന്ത്യ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ സ്ത്രീകളുടെ സാമ്പത്തികമായ പ്രവർത്തനങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഒട്ടേറെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കി. ഇതിന്റെ ഗുണഭോക്താക്കളിൽ 68 ശതമാനത്തോളം സ്ത്രീകളാണെന്നും അവർ വ്യക്തമാക്കി. സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമാക്കിക്കൊണ്ട് കൂടുതൽ തുക സർക്കാർ വിനിയോഗിക്കുന്നതായും നിർമ്മല സീതാരമൻ പറഞ്ഞു. മുൻപ് 12 ആഴ്ച മാത്രമായിരുന്നു ശമ്പളത്തോടെ സ്ത്രീകൾക്ക് പ്രസവാവധി നൽകിയിരുന്നത്, എന്നാൽ ഇന്ന് അത് 26 ആഴ്‌ച്ചയോളം ആയി നീട്ടിയതായും അവർ വ്യക്തമാക്കി.