മെല്‍ബണ്‍ ∙ സെന്‍റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണവും ബിഷപ്പ് ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും മേയ് 31 (ബുധനാഴ്ച) വൈകിട്ട് അഞ്ചിന് മെല്‍ബണിനടുത്തുള്ള ക്യാമ്പെല്‍ഫീല്‍ഡ് ഔവര്‍ ലേഡീ ഗാര്‍ഡിയന്‍ ഓഫ് പ്ലാന്‍റ്സ് കാല്‍ദിയന്‍ കാത്തലിക് ദേവാലയത്തില്‍ വച്ച് നടക്കും. സ്ഥാനാരോഹണ കര്‍മ്മങ്ങളില്‍ സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബാല്‍വോ, സിറോ മലബാര്‍ സഭയുടെ മറ്റു രൂപതകളില്‍ നിന്നുള്ള പിതാക്കന്മാര്‍, ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, മെല്‍ബണ്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികരും അത്മായ പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുക്കും. ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ സ്ഥാനാരോഹണ ചടങ്ങുകളും ബോസ്കോ പുത്തൂര്‍ പിതാവിനുള്ള യാത്രയയപ്പ് സമ്മേളനവും ഏറ്റവും ഭംഗിയായും ലളിതമായും ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികള്‍ക്ക് രൂപം നൽകിയതായി വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.
2013 ഡിസംബര്‍ 23 നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്ത്യയ്ക്കു പുറത്തുള്ള രണ്ടാമത്തെ സിറോ മലബാര്‍ രൂപതയായി മെല്‍ബണ്‍ സെന്‍റ് തോമസ് സിറോ മലബാര്‍ രൂപതയും രൂപതയുടെ പ്രഥമ പിതാവായും ന്യൂസിലന്‍ഡിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററായും ബിഷപ്പ് ബോസ്കോ പുത്തൂരിനെയും നിയമിക്കുന്നത്. ഓസ്ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും വിവിധ നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിയേറി പാര്‍ത്തിരിക്കുന്ന സിറോ മലബാര്‍ വിശ്വാസികളെ ഒരുമിപ്പിച്ച് ഇടവകകള്‍ക്കും മിഷനുകള്‍ക്കും രൂപം നൽകാന്‍ അഭിവന്ദ്യ ബോസ്കോ പുത്തൂര്‍ പിതാവ് അക്ഷീണം പ്രയത്നിച്ചു. അധ്യാപകനായും റെക്ടറായും ഏറെക്കാലം സെമിനാരിയില്‍ ചിലവഴിച്ച ബോസ്കോ പിതാവിന്‍റെ ചിരകാലാഭിലാഷമായിരുന്നു മെല്‍ബണ്‍ സിറോ മലബാര്‍ രൂപതക്ക് സ്വന്തമായി ഒരു മൈനര്‍ സെമിനാരി എന്നത്. അങ്കമാലിക്കടുത്ത് തിരുമുടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മൈനര്‍ സെമിനാരിയിലൂടെ രൂപതയില്‍ സേവനം ചെയ്യാന്‍ രൂപതയുടെ സ്വന്തമായ വൈദികര്‍ എന്ന പിതാവിന്‍റെ സ്വപ്നമാണ് പൂവണിയുന്നത്.
മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോണ്‍ പനന്തോട്ടത്തില്‍ മേയ് 23ന് മെല്‍ബണില്‍ എത്തിച്ചേരും. തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍ പെരുമ്പുന്ന ഇടവകയില്‍ പനന്തോട്ടത്തില്‍ പരേതരായ ജോസഫിന്‍റെയും ത്രേസ്യാമ്മയുടെയും മകനായി 1966 േയ് 31നാണ് ഫാ. ജോണ്‍ ജനിച്ചത്. സിഎംഐ സന്യാസ സമൂഹത്തിന്‍റെ കോഴിക്കോട് സെന്‍റ് തോമസ് പ്രൊവിന്‍സിലായിരുന്നു വൈദികപഠനം. 1996 ഡിസംബര്‍ 26നു താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും മാന്നാനം സെന്‍റ് ജോസഫ് കോളേജില്‍ നിന്ന് ബിഎഡും ഇഗ്നോയില്‍ നിന്ന് എംഎഡും നേടി. ഗുഡല്ലൂര്‍ മോണിങ്ങ് സ്റ്റാര്‍ സ്കൂളിലും കോഴിക്കോട് ദേവഗിരി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും അധ്യാപകനായിരുന്നു.
2008-2014 കാലത്ത് കോഴിക്കോട് സെന്‍റ് തോമസ് പ്രൊവിന്‍സിന്‍റെ സുപ്പീരിയറായി. 2015 മുതല്‍ 2020 വരെ ഓസ്ട്രേലിയയിലെ ബ്രിസ്ബെന്‍ അതിരൂപതയില്‍ സേവനം അനുഷ്ഠിച്ചു. ബ്രിസ്ബെനിലെ സിറോ മലബാര്‍ ഇടവകകളിലും മിഷനുകളിലും അജപാലനശുശ്രൂഷകളില്‍ സഹായിക്കാനും ഫാ. ജോണ്‍ സമയം കണ്ടെത്തിയിരുന്നു. 2021 മുതല്‍ മാനന്തവാടി രൂപതയിലെ നിരവില്‍പുഴ സെന്‍റ് ഏലിയാസ് ആശ്രമത്തില്‍ സുപ്പീരിയറും ഇടവക വികാരിയുമായി സേവനം ചെയ്യുമ്പോഴാണ് മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനാകുന്നത്.
ഫാ. ജോണ്‍ പനന്തോട്ടത്തിലിന്‍റെ ജന്മദിനം കൂടിയായ മേയ് 31ന് നടക്കുന്ന സ്ഥാനാരോഹണ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏവരെയും സന്തോഷത്തോടെ ക്ഷണിക്കുന്നതായി മെല്‍ബണ്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ഫ്രാന്‍സിസ് കോലഞ്ചേരി അറിയിച്ചു.