ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചെലവിടുന്നവരാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടവും കൈവരിച്ചു.
ഏപ്രിൽ 12 ന് രാത്രി ഏഴ് മിനിറ്റ് നേരത്തേക്ക് അത്യധികം ചൂടുള്ള പ്ലാസ്മ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എല്ലാ റെക്കോർഡുകളും തകർത്തു എന്നാണ് റിപ്പോർട്ട്. കൃത്രിമ സൂര്യൻ പദ്ധതി ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. മാലിന്യങ്ങൾ സൃഷ്ടിക്കാതെ ചൈനയ്ക്ക് പരിധിയില്ലാത്ത ഊർജ സ്രോതസ്സ് നൽകാൻ ശേഷിയുള്ളതാണ് പുതിയ പദ്ധതി.
നിലവിലുള്ള ന്യൂക്ലിയർ പവർ പ്ലാന്റുകളെ ശക്തിപ്പെടുത്തുന്ന വിഘടനപ്രവർത്തനങ്ങളിലെന്ന പോലെ, ആറ്റോമിക് ന്യൂക്ലിയസുകളെ വേർപെടുത്തുന്നതിനുപകരം അവയെ ഒന്നിച്ചുനിർത്തി ഊർജം പുറത്തുവിടാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂക്ലിയർ ഫ്യൂഷൻ. കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് എന്ന പേരിലുള്ള കൃത്രിമ സൂര്യന് തുടർച്ചയായി 403 സെക്കൻഡ് പ്ലാസ്മ ഉൽപ്പാദിപ്പിക്കാനും നിലനിർത്താനും സാധിച്ചു. 2017 ൽ സ്ഥാപിച്ച 101 സെക്കൻഡിന്റെ സ്വന്തം റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നും സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ ‘കൃത്രിമ സൂര്യൻ’ന്റെ മറ്റൊരു രീതിയിലുള്ള പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റും ജ്വലിച്ചിരുന്നു. യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിലായിരുന്നു 2022 ലെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത്. അണുസംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഇത് സൂര്യനുള്ളിൽ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവർത്തനങ്ങളെ അനുകരിച്ചുകൊണ്ട് ‘പരിധിയില്ലാത്ത ഊർജം’ കൃത്രിമമായി സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും.
യഥാര്‍ഥ സൂര്യനില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യനു കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു. ഇത് പത്തിരട്ടിയായി ഉയർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനു കൂടുതല്‍ വേഗം പകരുന്നതാണ് ചൈനയുടെ പുതിയ ‘കൃത്രിമ സൂര്യന്‍’. യഥാര്‍ഥ സൂര്യനേക്കാള്‍ പത്തിരട്ടി വരെ ഊഷ്മാവ് പുറത്തുവിടാന്‍ ശേഷിയുണ്ട് ന്യൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചൈനയുടെ സ്വന്തം സൂര്യന്. എച്ച്എല്‍ 2എം ടോകമാക് എന്ന് പേരിട്ടിരിക്കുന്ന ഈ ചൈനീസ് സൂര്യനില്‍ നിന്നും 150 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് പുറത്തേക്ക് വരുത്താൻ സാധിക്കുന്നതാണ്.
ചൈനീസ് നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷനാണ് (സിഎന്‍എന്‍സി) ഈ കൃത്രിമ സൂര്യനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹൈഡ്രജനും ഡ്യൂട്ടീരിയവും ഉപയോഗിച്ച് സൂര്യനില്‍ എങ്ങനെയാണോ ചൂട് ഉണ്ടാവുന്നത് അതിന് സമാനമായ പ്രവര്‍ത്തനമാണ് ഈ ചൈനീസ് സൂര്യനിലും നടക്കുന്നത്. എന്നാല്‍ യഥാർഥ സൂര്യന്റെ ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്.
ചൈനയ്ക്ക് മാത്രമല്ല സ്വന്തമായി ഇത്തരം കൃത്രിമ സൂര്യന്മാരുള്ളത്. നിയന്ത്രിതമായ അളവില്‍ നൂക്ലിയര്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ഹരിത ഊര്‍ജം നിര്‍മിക്കുകയെന്ന ലക്ഷ്യത്തിലാണ് പല രാജ്യങ്ങളും സമാനമായ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവുന്നത്. തെക്കന്‍ ഫ്രാന്‍സില്‍ നിര്‍മിച്ചിട്ടുള്ള ഇന്റര്‍നാഷണല്‍ തെര്‍മോന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ഐടിഇആര്‍) പദ്ധതിയുടെ ഭാഗമായും ഇത്തരമൊരു പരീക്ഷണ ശാല നിര്‍മിച്ചിട്ടുണ്ട്. ഇവിടെയും 150 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് ഉയര്‍ത്താനാകും.
ഐടിഇആറില്‍ അമേരിക്ക, ഇന്ത്യ, ജപ്പാന്‍, റഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ചൈനയും സഹകരിക്കുന്നുണ്ട്. ചൈനയുടെ എച്ച്എല്‍-2എം ഐടിഇആറിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നേരത്തേ തന്നെ ചൈനീസ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു. ന്യൂക്ലിയര്‍ ഫ്യൂഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ പരീക്ഷണ റിയാക്ടറിന്റെ നിര്‍മാണം തുടങ്ങാനാണ് ചൈനയുടെ പദ്ധതി. ഇതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യ പതിപ്പ് 2035ലും വലിയ തോതിലുള്ള ഊര്‍ജ്ജോത്പാദനം 2050ലും ആരംഭിക്കാന്‍ സാധിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു. നിര്‍മിത ബുദ്ധി, ബഹിരാകാശ ശാസ്ത്രം, ആഴക്കടല്‍- ഭൂമി തുരന്നുള്ള പര്യവേഷണങ്ങള്‍ തുടങ്ങി ഭാവിയില്‍ ശ്രദ്ധിക്കേണ്ട പ്രധാന മേഖലയിലൊന്നായാണ് ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴിയുള്ള ഊര്‍ജോത്പാദനത്തേയും ചൈന കാണുന്നത്.
കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സര്‍ക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കൻഡ് മാത്രമാണ് അന്ന് പ്രവര്‍ത്തിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്. ഒരു ലക്ഷം സെക്കൻഡ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം