ന്യൂഡല്‍ഹി:സുഡാനിലെ ആഭ്യന്തര കലാപം നാലാം ദിവസവും തുടരുന്നു. സംഘർഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1800ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയെന്ന് കേന്ദ്ര സർക്കാർ. വ്യോമപാത തുറക്കുന്നതോടെ മടങ്ങാൻ സന്നദ്ധരായവരെ തിരിച്ച് കൊണ്ടുവരാനാണ് നീക്കം.
6000 ഓളം ഇന്ത്യക്കാരാണ് ഖാർതൂമിലുള്ളത്. ഇതിൽ 150 ഓളം മാലയാളികളുണ്ട്.തലസ്ഥാനമായ ഖാർത്തൂമിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് അവിടെയുള്ള മലയാളികൾ പറയുന്നു. കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച കണ്ണൂരിലെ ആൽബർട്ട് അഗസ്റ്റിന്‍റെ മൃതദേഹം ആദ്യ വിമാനത്തിൽ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന് സുഡാനിലെ ഇന്ത്യൻ എംബസി അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു. നിലവിൽ ഖാർത്തൂമിലെ ഫ്ലാറ്റിന്‍റെ ബേസ്മെന്‍റിൽ കഴിയുന്ന ആൽബർട്ടിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും ഇവരെയും ആദ്യ വിമാനത്തിൽ നാട്ടിലെത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
ആൽബർട്ടിന്‍റെ മൃതദേഹം എംബസി സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കര വ്യോമ പാതകൾ 14 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
സുഡാൻ സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടമാണ് തുടരുന്നത്. ഭരണം പിടിക്കാനുള്ള ആർഎസ്.എഫിന്റെ നീക്കത്തെ തടയിടുകയാണ് സൈന്യം. ആർഎസ്ഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച് പിരിച്ചുവിട്ടതായി സൈന്യം അറിയിച്ചു.
അമേരിക്കയും യുകെയും അടക്കമുള്ള ലോകരാജ്യങ്ങൾ ഇരുവിഭാഗത്തോടും ആയുധം താഴെവെക്കാൻ ആവശ്യപ്പെട്ടു.സുഡാനിലെ അമേരിക്കയുടെ നയതന്ത്രസംഘവും ആക്രമിക്കപ്പെട്ടാതായി റിപ്പോർട്ടുണ്ട്.സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വലിയ ദുരന്തമായിരിക്കും സുഡാനിൽ സംഭവിക്കുകയെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.