ജിദ്ദ : സുഡാനിൽനിന്നുള്ള ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ സൗദിയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഇവിടെനിന്നും ചാർട്ടേഡ് വിമാനത്തിൽ ഇവരെ ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകും. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാർക്ക് ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലാണ് താമസ സൗകര്യം ഏർപ്പെടുത്തുന്നത്.
പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വിവിധ ഗൾഫ് രാജ്യങ്ങളിലെ എംബസികളിലെയും കോൺസുലേറ്റുകളിലെയും ഉദ്യോഗസ്ഥരോട് ജിദ്ദയിലെത്താനും നിർദ്ദേശിച്ചു. ജിദ്ദയിലെ ഹോട്ടലിൽ ഇവർക്കായി 150 മുറികളും ബുക്ക് ചെയ്തിട്ടുണ്ട്. സുഡാനിൽ നിലവിൽ മുവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്.
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ ഇന്ത്യക്കാർ അടക്കമുള്ളവരുടെ ജീവൻ ഭീഷണിയിലാണ്. ആദ്യ ദിവസം തന്നെ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ്. ജയശങ്കറും സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സുഡാൻ പ്രതിസന്ധി സംബന്ധിച്ച് ചർച്ച നടത്തി.
സുഡാനിലെ ഇന്ത്യൻ പൗരൻമാരോട് പുറത്തിറങ്ങരുതെന്ന് സുഡാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ആളുകളെ കൊള്ളയടിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണം. ഏതാനും ദിവസം കൂടി ഈ സ്ഥിതി തുടർന്നേക്കാമെന്നും എംബസി അറിയിച്ചു.