ടോക്കിയോ : ഉത്തര കൊറിയയുടെ മിസൈൽ ആക്രമണം തടയാൻ തയാറെടുക്കണമെന്ന് സൈന്യത്തിന് നിർദേശം നൽകി ജപ്പാൻ. ആദ്യ സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കാൻ തയാറാണെന്ന് ഉത്തര കൊറിയ അറിയിച്ചതിനു പിന്നാലെയാണ് ജപ്പാൻ പ്രതിരോധ നടപടികൾ ശക്തമാക്കുന്നത്.
എസ്എം-3 മിസൈൽ ഇന്റർസെപ്റ്ററുകൾ ഘടിപ്പിച്ച ഡിസ്ട്രോയറുകൾ, പിഎസി-3 മിസൈലുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൈനിക യൂണിറ്റുകളെ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ ഒകിനാവയിലും സമീപത്തെ ദ്വീപുകളിലും വിന്യസിക്കാൻ ഉത്തരവിട്ടതായി ജപ്പാൻ പ്രതിരോധമന്ത്രി യസുകാസു ഹമദ അറിയിച്ചു. ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
2012ലും 2016ലും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിരുന്നു. ഈ രണ്ട് മിസൈലുകളും ഒകിനാവ മേഖലയ്ക്ക് മുകളിലൂടെയാണ് പറന്നത്. 2012ലും സമാനമായ തയാറെടുപ്പുകൾ പ്രതിരോധ മന്ത്രാലയം നടത്തിയിരുന്നതായി ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈൽ വിക്ഷേപിക്കുന്ന തീയതി ഉത്തര കൊറിയ പുറത്തുവിട്ടില്ല.