ബീജിംഗ്: ചൈനയില്‍ പതിനാലാം നുറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ലീം പള്ളി പൊളിച്ച് നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. അനധികൃത നിര്‍മ്മാണം ആരോപിച്ച് തെക്ക് പടിഞ്ഞാറന്‍ ചൈനയിലുള്ള നഗരത്തിലെ പള്ളി ഭാഗികമായി പൊളിക്കാനുള്ള തീരുമാനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് വിശ്വാസികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
യുനാന്‍ പ്രവിശ്യയിലെ നാഗു നഗരത്തിലെ നജിയായിംഗ് പള്ളിയുടെ ചില ഭാഗങ്ങള്‍ പൊളിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായത്.പള്ളിയിൽ അധികമായി കൂട്ടിച്ചേർത്ത ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനധികൃതമാണെന്ന് 2020ല്‍ കോടതി വിധിച്ചിരുന്നു. അവ പൊളിച്ച് മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അനധികൃതമായി നിര്‍മ്മിച്ച പള്ളിയിലെ താഴികക്കുടം, മിനാരങ്ങള്‍ എന്നിവ പൊളിച്ച് നീക്കണമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് പള്ളിയിലെ ഈ ഭാഗങ്ങള്‍ പൊളിച്ച് മാറ്റുന്നതിനായി അധികൃതര്‍ എത്തിയത്. ഇതോടെ നാഗുവിലെ വിശ്വാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. മുസ്ലീം ന്യൂനപക്ഷമായ ഹൂയി സമുദായത്തിലുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. പള്ളി പൊളിക്കുന്നതിനെതിരെ ഇവര്‍ രംഗത്തെത്തി.
പള്ളിയ്ക്ക് പുറത്ത് നൂറുകണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. പോലീസുമായി ഇവര്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
അതേസമയം സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ജൂണ്‍ ആറിന് മുമ്പ് പ്രതിഷേധക്കാര്‍ കീഴടങ്ങണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.
ചൈനയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ വംശീയ ന്യൂനപക്ഷമാണ് ഹുയി സമുദായം. ചൈനയിലെ മറ്റൊരു പ്രധാന മുസ്ലീം ന്യൂനപക്ഷമാണ് ഉയിഗൂര്‍. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി മാന്‍ഡാരിന്‍ ഭാഷ സംസാരിക്കുന്നവരാണ് ഹുയി വംശജര്‍.
ഹുയി വംശജരെ വേട്ടയാടുന്ന നയമാണ് ചൈനീസ് സര്‍ക്കാരിന്റേത് എന്ന് പരക്കെ വിമര്‍ശനമുണ്ട്. മതവിശ്വാസത്തെ അംഗീകരിക്കുന്നതിലും ചൈന വിമുഖത കാണിക്കുന്നുണ്ട്. 2015 ല്‍ രാജ്യത്ത് മതവിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നത് ജാഗ്രതയോടെ കാണണമെന്ന് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് പറഞ്ഞിരുന്നു.
അതേസമയം ചൈനീസ് ഭരണഘടന ഓരോ പൗരനും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ മതവിശ്വാസത്തെയും മതപരമായ ആചാരങ്ങളെയും പ്രോത്സാഹിപ്പിക്കാറില്ല. പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തെ വേട്ടയാടുന്ന സമീപനമാണ് ചൈനയില്‍ സര്‍ക്കാര്‍ സ്വീകരിച്ച് പോരുന്നത്.
സമാനമായി 2018 ല്‍ ചൈനയിലെ നിംഗ്‌സിയയിലെ ഹുയി വിശ്വാസികളുടെ പള്ളിയും പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വിശ്വാസികള്‍ പള്ളിയില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ നയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. അന്ന് പ്രതിഷേധത്തെ വകവെയ്ക്കാതെ പള്ളിയുടെ മിനാരങ്ങളും താഴികക്കുടങ്ങളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.