മനാമ: എല്‍.ജി.ബി.ടി.ക്യൂ.ഐ പ്ലസ് വിഭാഗങ്ങള്‍ക്ക് പിന്തുണയര്‍പ്പിക്കുന്ന പ്രൈഡ് മാസത്തിന് ബഹ്റൈനിലെ അമേരിക്കന്‍ എംബസി പിന്തുണ നല്‍കിയതില്‍ പ്രതിഷേധം. രാജ്യത്തിന്റെ സംസ്‍കാരത്തിന് വിരുദ്ധമായ പ്രവൃത്തിയാണെന്നും സ്വവര്‍ഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നത്.
പ്രൈഡ് മാസത്തിന് തുടക്കം കുറിച്ചുകൊണ്ട് വ്യാഴാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യത്തു പ്രവര്‍ത്തിക്കുന്ന എംബസികളും നയതന്ത്ര കാര്യാലയങ്ങളും ബഹ്റൈനിലെ സമൂഹത്തെയും അത് പടുത്തുയര്‍ത്തപ്പെട്ട ആശയ അടിത്തറകളെയും ബഹുമാനിക്കണമെന്നും ‘ലൈംഗിക വൈകൃതങ്ങളെയും’ സ്വവര്‍ഗ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പാര്‍ലമെന്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന ആവശ്യപ്പെട്ടു.
ബഹ്റൈനിലെ ശൂറാ കൗണ്‍സിലും അമേരിക്കന്‍ എംബസിക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സ്വവര്‍ഗ ലൈംഗികതയ്ക്ക് വേണ്ടിയുള്ള പ്രോത്സാഹനം എന്ന് നടപടിയെ വിശേഷിപ്പിച്ച ശൂറാ കൗണ്‍സില്‍, സഹജമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായ നടപടികള്‍ തള്ളിക്കളയുന്നുവെന്നും അറിയിച്ചിട്ടുണ്ട്. മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന വ്യാജേന സ്വവര്‍ഗ ലൈംഗികതയ്ക്കുള്ള പിന്തുണയാണ് ഇത്തരം ആഹ്വാനങ്ങളെന്നും നാഷണല്‍ അസംബ്ലിയുടെ ഉപരിസഭ പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആരോപിച്ചു. അതേസമയം അറബ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസികളില്‍ ബഹ്റൈനിലെ എംബസി മാത്രമാണ് പ്രൈഡ് മാസാചരണത്തിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍തിട്ടുള്ളതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.