കീവ്: റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുപിടിച്ചതായി യുക്രെയ്ൻ. ഡോൺടെസ്ക്, സാപൊറീഷ്യ എന്നിവിടങ്ങളിലെ സ്ഥലങ്ങളാണ് തിരിച്ചുപിടിച്ചത്. ഈ പ്രദേശത്ത് കനത്ത പോരാട്ടമാണ് നടക്കുന്നത്. മൊക്രി യാലി നദിയോട് ചേർന്ന് യുക്രെയ്ൻ സൈന്യം മുന്നേറ്റം നടത്തുന്നതായാണ് പുറത്തുവരുന്ന വിവരം.
അതേ സമയം, റഷ്യ പിടികൂടിയ 95 യുക്രെയ്ൻ സൈനികരെ കൂടി മോചിപ്പിക്കാനായെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യ പിടികൂടിയ 2,526 പേരെ ഇതുവരെ തിരിച്ചെത്തിക്കാനായി. ആരെയും ശത്രുക്കൾക്ക് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോവ കഖോവ്ക ഡാം തകർത്തുണ്ടായ പ്രളയത്തിൽ ഇതുവരെ യുക്രെയ്ൻകാരായ എട്ടുപേരും റഷ്യൻ അധിനിവേശ പ്രദേശത്ത് രണ്ടും പേരും മരിച്ചതായാണ് വിവരം. 42 പേരെ കാണാതായിട്ടുമുണ്ട്.
ഡാം തകർന്നതോടെ സാപൊറീഷ്യ ആണവ നിലയത്തിന്റെ പ്രവർത്തനം ഭീഷണിയിലായതിനാൽ യുക്രെയ്ന് കൂടുതൽ സഹായം എത്തിക്കുമെന്ന് രാജ്യാന്തര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി പറഞ്ഞു. കഖോവ്ക ഡാം തകർന്നതോടെ സാപൊറീഷ്യ ആണവ നിലയം തണുപ്പിക്കുന്നതിനാവശ്യമായ വെള്ളം എത്തിക്കുന്നത് പ്രതിസന്ധിയിലായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.