ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടർന്ന് ക്യൂബയിൽ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. മദ്ധ്യകിഴക്കൻ മേഖലയിൽ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. സൈനിക ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ ക്യൂബയിലെ ചില പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും തകർന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
ഗ്രാൻമ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ 1000-ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 279 എണ്ണം ഭാഗികമായോ പൂർണമായോ തകർന്നതായും പ്രവിശ്യ ഗവർണർ പറഞ്ഞു. ജനുവരി 8ന് തുടങ്ങിയ മഴയെ തുടർന്ന് ഇതുവരെ 7,259 പേരെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതോടെ ക്യൂബ നേരിടുന്നത് വലിയ പ്രകൃതി ദുരന്തമാണ്. റിപ്പോർട്ട് അനുസരിച്ച് രക്ഷാപ്രവർത്തകർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റുകയാണ്. വീടുകളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും ബന്ധുക്കളുടെ വീടുകളിലേയ്‌ക്കും അഭയാർത്ഥി ക്യാമ്പുകളിലേയ്‌ക്കും മാറ്റുകയാണ്.