കംപാല: ഉഗാണ്ടയിലെ സ്കൂളിൽ നടന്ന ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ വിമതരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. പടിഞ്ഞാറൻ ഉഗാണ്ടയിലെ സ്കൂളിനുള്ളിലാണ് അതിക്രൂരമായ ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് വിവരം. സ്കൂളിൽ നിന്ന് പലരെയും ഭീകരസംഘം തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. സ്കൂളിന് തീയിട്ടതോടെയാണ് ആക്രമണങ്ങളുടെ തുടക്കം. നിരവധി കുട്ടികൾ തീപിടിത്തത്തിൽ വെന്തുമരിക്കുകയായിരുന്നു. പല കുട്ടികളെയും അക്രമികൾ വെടിവെച്ചും കൊലപ്പെടുത്തി. സ്കൂളിൽ കുട്ടികൾ കിടന്നുറങ്ങുന്ന ഡോർമെറ്ററിയാണ് ഭീകരർ തീയിട്ടത്.
രാജ്യത്തെ വിമത സംഘടനയായ അലീഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (ADF) ആണ് ആക്രമണം നടത്തിയതെന്നും ഇവർ ഇസ്ലാമിക് സ്റ്റേറ്റുമായി ഒന്നിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നുമാണ് വിവരം. അക്രമികൾ വിരൂംഗ നാഷണൽ പാർക്ക് വഴിയാണ് രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. കോംഗോ അതിർത്തിക്ക് സമീപമുള്ള സ്കൂളിനെയാണ് ഭീകരർ ആക്രമിച്ചത്. കൊല്ലപ്പെട്ട 41 പേരിൽ 38 സ്കൂൾ കുട്ടികളാണെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവരുന്നുണ്ട്. ആറ് പേരെയാണ് വിമതർ തട്ടിക്കൊണ്ടുപോയതെന്നും അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയിരിക്കുന്നതും ഉഗാണ്ടൻ സൈന്യം സൂചന നൽകുന്നു. പരിക്കേറ്റവരും നിരവധിയാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തെ ഉഗാണ്ടൻ സർക്കാർ അപലപിച്ചു.