നിയാമി : പട്ടാള അട്ടിമറി നടന്ന പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പുതിയ ഭരണകൂടത്തെ അനുകൂലിച്ചു പ്രകടനം നടത്തിയവർ ഫ്രഞ്ച് എംബസിയുടെ വാതിലിന് തീയിട്ടു. സുരക്ഷാവിഭാഗം ഇടപെട്ടാണ് അക്രമികളെ പിരിച്ചുവിട്ടത്. മുൻ ഫ്രഞ്ച് കോളനിയായിരുന്നു നൈജർ.
പ്രസിഡന്റ് മുഹമ്മദ് ബസുമിനെ പുറത്താക്കി പ്രസിഡൻഷ്യൽ സേനയുടെ തലവനായ ജനറൽ അബ്ദുറഹ്‌മാൻ ചിയാനി ഏതാനും ദിവസം മുൻപാണു ഭരണം പിടിച്ചെടുത്തത്.
റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ സഹായം അട്ടിമറിക്ക് ഉണ്ടായിരുന്നതായാണ് സൂചനകൾ. പ്രകടനം നടത്തിയവർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് അനുകൂലമായും ഫ്രാൻസിനെതിരായും മുദ്രാവാക്യം മുഴക്കി.
അതേസമയം ആക്രമണങ്ങളെ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ പറഞ്ഞു. ഫ്രഞ്ച് പൗരന്മാരെയോ സൈനികരെയോ നയതന്ത്ര പ്രതിനിധികളെയോ ആക്രമിച്ചാൽ ഉടൻ തിരിച്ചടിക്കുമെന്നും മക്രോ പറഞ്ഞു. 1960 ൽ സ്വാതന്ത്ര്യം നേടിയെങ്കിലും നൈജറിൽ നിലവിൽ 1500 ഫ്രഞ്ച് പട്ടാളക്കാരുണ്ട്.
അതേസമയം ജനാധിപത്യ രീതിയിൽ അധികാരത്തിലെത്തിയ ബസൂമിന് 15 ദിവസത്തിനുള്ളിൽ ഭരണം തിരിച്ചു കൊടുക്കണമെന്ന് 15 പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സൈനികമായി ഇടപെടുമെന്നും കൂട്ടായ്മ വ്യക്തമാക്കി. 2 വർഷം മുൻപ് രാജ്യത്തെ ആദ്യ ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെയാണ് മുഹമ്മദ് ബസും അധികാരത്തിലെത്തിയത്.