ജൊഹാന്നസ്ബർഗ്: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ബ്രിക്സ് കൂട്ടായ്മയുടെ 15ാമത് ഉച്ചകോടി ആഗസ്റ്റ് 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കും.
ലോകത്തിലെ 41 ശതമാനം ജനസംഖ്യ ഈ രാജ്യങ്ങളിലാണ്. ആഗോള ജി.ഡി.പിയുടെ 24 ശതമാനവും വ്യാപാരത്തിന്റെ 16 ശതമാനവും ഉൾക്കൊള്ളുന്നത് ബ്രിക്സിന് അവകാശപ്പെടാനാകും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഓൺലൈനായാണ് ഉച്ചകോടിയിൽ സംബന്ധിക്കുക.
ഉച്ചകോടിയോടനുബന്ധിച്ച് ആഗസ്റ്റ് 19 മുതൽ 23 വരെ ബ്രിക്സ് വ്യാപാരമേള നടക്കും. അംഗരാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരും വ്യവസായ പ്രമുഖരും സംബന്ധിക്കും. വിവിധ ഉൽപന്നങ്ങളുടെ പ്രദർശനവുമുണ്ടാകും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബിസിനസ് ടു ബിസിനസ്’ ആശയവിനിമയത്തിന് വേദിയൊരുക്കും. 14ാമത് ഉച്ചകോടി 2022 ജൂൺ 23, 24 തീയതികളിൽ ചൈനയിൽ നടന്നു.