ബി.സി: ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിലുള്ള ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നാമതൊരു പ്രതിക്ക് കൂടി പങ്കുണ്ടെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍.
കൊലപാതകത്തില്‍ ഉള്‍പ്പെട്ട മറ്റു രണ്ടു പ്രതികള്‍ക്ക് രക്ഷപ്പെടാനായി 121 സ്ട്രീറ്റില്‍ കാത്തുനിന്ന വാഹനത്തില്‍ മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മുമ്പ് രണ്ടു പ്രതികളാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് പോലീസ് പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം 2008 മോഡല്‍ ടൊയോട്ട കാമ്രി പാര്‍ക്ക് ചെയ്തിരുന്നതായും പ്രതികള്‍ കൊലപാതകം പൂര്‍ത്തിയാക്കുന്നതിനായി മനഃപൂര്‍വ്വം കാത്തിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
കൊലപാതകശേഷം പ്രതികള്‍ കൂഗര്‍ ക്രീക്ക് പാര്‍ക്ക് വഴി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പകയാണ് നിജ്ജാറിന്റെ മരണത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ ഇന്ത്യയുടെ ഇടപെടലാണ് നിജ്ജാറിന്റെ കൊലപാതകത്തില്‍ എത്തിയതെന്ന ആരോപണമാണ് ഖലിസ്ഥാന്‍ വാദികള്‍ ഉന്നയിക്കുന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ നിജ്ജാറിന്റെ കൊലപാതക കുറ്റം ആരോപിച്ച ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യാ വിരുദ്ധ കാമ്പയിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായി അമേരിക്കയിലെയും കാനഡയിലെയും നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നാശം വരുത്താന്‍ ശ്രമിച്ചിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വധിക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായി.
കഴിഞ്ഞ ജൂണില്‍ നിജ്ജാര്‍ ഉള്‍പ്പെടെ രണ്ട് ഖലിസ്ഥാന്‍ നേതാക്കളാണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഖാലിസ്ഥാന്‍ വിഘടനവാദി അമൃതപാല്‍ സിങ്ങിന്റെ വലംകൈയായിരുന്ന അവതാര്‍ സിങ് ഖണ്ഡയയാണ് മരിച്ചവരില്‍ രണ്ടാമന്‍. ഖണ്ഡയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് ആരോപണമുണ്ടായിരുന്നു. അതേസമയം രക്താര്‍ബുദം ബാധിച്ചതായുള്ള മെഡിക്കല്‍ രേഖകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ സിഖ് ഗുരുദ്വാരയില്‍ വെച്ചാണ് നിജ്ജാര്‍ കൊല്ലപ്പെട്ടത്. സിഖ്സ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവായിരുന്നു.
ജൂലൈയില്‍ നിരോധിത ഖലിസ്ഥാന്‍ വിഘടനവാദി സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) സ്ഥാപകന്‍ ഗുര്‍പത്വന്ത് സിങ് പന്നുനും അമേരിക്കയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അപകടമരണമാണെന്നും അതല്ല ആസൂത്രിത കൊലപാതകമാണെന്നും ആരോപണമുയര്‍ന്നിരുന്നു.
സിഖുകാര്‍ക്ക് പ്രത്യേക രാഷ്ട്രമായ ഖാലിസ്ഥാന്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടനയാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എസിലെ ഹൈവേ 101ല്‍ നടന്ന വാഹനാപകടത്തിലാണ് പന്നുന്‍ മരിച്ചത്. പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലെ ഖാന്‍കോട്ട് സ്വദേശിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലത്രെ. 2020ല്‍ യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ മൂന്ന് രാജ്യദ്രോഹ കേസുകള്‍ ഉള്‍പ്പെടെ 22 ക്രിമിനല്‍ കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്.