കാനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ കാട്ടുതീ കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെസ്റ്റ് കെലോവ്ന നഗരത്തിനു മുകളിലുള്ള കുന്നുകളിലും പർവതങ്ങളിലും പടരുന്ന കാട്ടുതീ അഗ്നിശമന സേനാംഗങ്ങൾ അണക്കാൻ ശ്രമിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രദേശത്തു നിന്നും പലായനം ചെയ്യുന്നത്.
36,000 ആളുകൾ താമസിക്കുന്ന വെസ്റ്റ് കെലോവ്നയിൽ നിന്നും, 15,000 ലധികം ജനങ്ങൾ താമസിക്കുന്ന കെലോവ്നയുടെ വടക്കുഭാഗത്ത് നിന്നും ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണ്. ഇതിൽ നാലായിരത്തിലധികം ജനങ്ങളെ വിമാനമാർഗം സുരക്ഷിതരാക്കി. ഈ സ്ഥിതി തുടരുകയാണെങ്കിൽ കൂടുതൽ പേരെ വിമാനമാർഗത്തിലൂടെ സുരക്ഷിതരാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
അതേസമയം വെസ്റ്റ് കെലോവ്നയിൽ തീ ഇപ്പോഴും പടരുകയാണ്. ഇതേതുടർന്ന് പ്രാദേശിക വ്യോമപാത അടച്ചിരുന്നു. വെള്ളമുപയോഗിച്ച് തീയണക്കാനുളള ശ്രമത്തിലാണ് അധികൃതർ. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയ്ക്കാണ് ബ്രിട്ടീഷ് കൊളംബിയ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രധാനമന്ത്രി ഡേവിഡ് എബി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിതി കൂടുതൽ വഷളാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4500 ഓളം ആളുകളെയാണ് പ്രദേശത്ത് നിന്നും ഒഴിപ്പിച്ചത്. 20000 ആളുകൾ ഇപ്പോഴും കാട്ടുതീ ഭീഷണി നേരിടുകയാണ്. നിരവധി കെട്ടിടങ്ങളും നശിച്ചു. ഇതിനിടെ ശക്തമായ കാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രതിസന്ധി ഹൈവേകളേയും വിമാനത്താവളങ്ങളേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ അധികൃതർ.
ഈ വർഷം 5783 കാട്ടുതീയാണ് കാനഡയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ആയിരത്തിലധികം സ്ഥലങ്ങളിൽ ഇപ്പോഴും തീയണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഈ വർഷം മാത്രം 1.37 കോടി ഹെക്ടർ കാടാണ് കത്തി നശിച്ചത്. കാനഡയെ കൂടാതെ സ്പെയിനിലും കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു