ഹരാരെ: എമേഴ്സൺ മംഗഗ്വ വീണ്ടും സിംബാബ് വെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം രാജ്യം ഭരിച്ച റോബർട് മുഗാബെയിൽനിന്ന് 2017ലെ സൈനിക അട്ടിമറിക്കുശേഷം അധികാരമേറ്റ മംഗഗ്വ രണ്ടാമതും തെരഞ്ഞെടുക്കപ്പെടുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. അദ്ദേഹത്തിന് 52.6 ശതമാനം വോട്ടുലഭിച്ചപ്പോൾ മുഖ്യ എതിരാളി നെൽസൺ ചാമിസക്ക് 44 ശതമാനം വോട്ട് ലഭിച്ചു. 80കാരനായ മംഗഗ്വക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ 45കാരനായ ചാമിസക്ക് കഴിഞ്ഞില്ല.
അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചായിരുന്നില്ലെന്ന് വിദേശത്തുനിന്നെത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷകരും പറഞ്ഞു. ഭയത്തിന്റെ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് യൂറോപ്യൻ യൂനിയന്റെ നിരീക്ഷകൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.