Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലിബിയൻ വിദേശകാര്യ മന്ത്രിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഇസ്രായേൽ; ലിബിയയിൽ സംഘർഷം

ലിബിയൻ വിദേശകാര്യ മന്ത്രിയുമായി രഹസ്യ ചർച്ച നടത്തിയെന്ന് ഇസ്രായേൽ; ലിബിയയിൽ സംഘർഷം

ട്രിപളി: ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹനുമായി ലിബിയൻ വിദേശകാര്യ മന്ത്രി നജ്‍ല മുഹമ്മദ് മൻഖൂസ് കഴിഞ്ഞയാഴ്ച ഇറ്റലിയിൽ രഹസ്യ ചർച്ച നടത്തിയതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. നജ്‍ലയുമായി റോമിൽവെച്ച് ചർച്ച നടത്തിയ വിവരം ഞായറാഴ്ച ഏലി കോഹൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ഇതോടെ രാജ്യത്താകെ പ്രക്ഷോഭം അരങ്ങേറുകയാണ്. ഇതേത്തുടർന്ന് നജ്‍ലയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയതായി മുതിർന്ന ലിബിയൻ സർക്കാർ വൃത്തങ്ങൾ പറഞ്ഞതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് മുതിർന്ന ലിബിയൻ നയതന്ത്ര പ്രതിനിധി ഇസ്രായേൽ പ്രതിനിധിയുമായി ചർച്ച നടത്തുന്നത്.

അതേസമയം, നജ്‍ലയെ മന്ത്രിപദവിയിൽനിന്ന് താൽക്കാലികമായി സസ്പെൻഡ് ചെയ്തതായി പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബീബ പ്രഖ്യാപിച്ചു. യുവജന മന്ത്രി ഫതല്ലാഹ് അൽസാനിക്ക് പകരം ചുമതല നൽകിയതായും ദബീബ അറിയിച്ചു. നജ്‍ലക്കെതിരെ ‘ഭരണപരമായ അന്വേഷണം’ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുടെ ആതിഥ്യത്തിൽ കഴിഞ്ഞയാഴ്ചയാണ് റോമിൽ ഇരു മന്ത്രിമാരും ചർച്ച നടത്തിയത്. കോഹന്റെ വെളിപ്പെടുത്തലിൽ ഇസ്രായേലിലും പ്രതിഷേധമുയർന്നിട്ടുണ്ട്. നയതന്ത്ര മര്യാദകൾ ലംഘിക്കുന്നതാണ് കോഹന്റെ നടപടിയെന്ന് വിമർശനമുയർന്നു. ഇസ്രായേലിന്റെ വിശ്വാസ്യത വലിയതോതിൽ തകരാൻ കോഹന്റെ വെളിപ്പെടുത്തൽ കാരണമായതായി ചാനൽ 12 അഭിപ്രായപ്പെട്ടു.

അതേസമയം, ഇറ്റലിയിൽ വെച്ച് ഇസ്രായേലിനെ പ്രതിനിധാനം ചെയ്യുന്ന ആരുമായും ചർച്ച നടത്താൻ നജ്‍ല തയാറായില്ലെന്ന് ലിബിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറ്റാലിയൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചക്കിടെ, അനൗപചാരികമായാണ് കോഹനുമായി കണ്ടുമുട്ടിയതെന്നും ഏതെങ്കിലും തരത്തിലുള്ള ചർച്ചയോ കരാറോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തെ ചർച്ചയായി ചിത്രീകരിക്കാനാണ് ഇസ്രായേലിന്റെ ശ്രമമെന്നും ആരോപിച്ചു. സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തങ്ങൾ തള്ളിക്കളയുന്നതായും ലിബിയ എന്നും ഫലസ്തീനൊപ്പമായിരിക്കുമെന്ന് ആവർത്തിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലുമായി നയതന്ത്രബന്ധം അംഗീകരിക്കാത്ത ലിബിയയിൽ, 1957ലെ നിയമമനുസരിച്ച് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നത് ഒമ്പതു വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com