ഒട്ടാവ: കാനഡ തലസ്ഥാനമായ ഒട്ടാവയില്‍ വിവാഹ സല്‍ക്കാര വേദിക്ക് പുറത്തുണ്ടായ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ടൊറന്റോ സ്വദേശികളായ 26 കാരനായ സെയ്ദ് മുഹമ്മദ് അലി, 29 കാരനായ അബ്ദിഷക്കൂര് അബ്ദി ദാഹിര്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10:21 ന് (പ്രാദേശിക സമയം) ഒട്ടാവ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ഇന്‍ഫിനിറ്റി കണ്വെന്ഷന് സെന്ററില്‍ നടന്ന വിവാഹ സത്കാരത്തിലാണ് സംഭവം.
വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയില്ലെന്ന് പോലീസ് അറിയിച്ചതായി ആക്ടിംഗ് ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ ആമി ബോണ്ട് ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമല്ലെന്ന് ഒട്ടാവ പാരാമെഡിക് വക്താവ് മാര്‍ക്ക്-ആന്റോയിന്‍ ദെഷാംപ്സ് പറഞ്ഞു.
സംഭവത്തില്‍ ആരുടെയും അറസ്റ്റും രക്ഷപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രാരംഭഘട്ടത്തില്‍ വെടിവെയ്പ്പിലേക്ക് നയിച്ച കാരണം കണ്ടെത്താനായിട്ടില്ല.
വെടിവയ്പ്പ് നടന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഗ്ലൗസെസ്റ്റര്‍-സൗത്ത്ഗേറ്റ് കൗണ്‍സിലര്‍ ജെസീക്ക ബ്രാഡ്ലി സംഭവത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ചതായി സിബിസി റിപ്പോര്‍ട്ട് പറയുന്നു.