നോര്‍ത്ത് ബേ(കാനഡ): ഇന്ത്യയില്‍ നിന്നുള്ള 300-ലധികം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ മതിയായ താമസ സൗകര്യങ്ങള്‍ കിട്ടാതെ വിഷമിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരില്‍ കൂടുതല്‍ പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. സെപ്റ്റംബര്‍, ജനുവരി മാസങ്ങളില്‍ കാനഡോര്‍ കോളേജിലും നിപിസിംഗ് യൂണിവേഴ്സിറ്റിയിലുംപ്രവേശനം നേടിയവര്‍, താമസസൗകര്യം സംബന്ധിച്ച പ്രശ്നത്തിലാണ്.
പ്രവേശന സമയത്ത് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും ഈ കോളേജുകള്‍ താമസസൗകര്യം നല്‍കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കാമ്പസിന് പുറത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നു.
അമിത ചാര്‍ജുകള്‍
നോര്‍ത്ത് ബേ വളരെ കുറച്ച് ജനസംഖ്യയുള്ള ഒരു ചെറിയ നഗരമാണ്, വിദ്യാര്‍ത്ഥികള്‍ താമസസൗകര്യം കണ്ടെത്താന്‍ പാടുപെടുകയാണ്. 300 ഡോളറോ അല്ലെങ്കില്‍ 350 ഡോളറോ മാത്രം വാടകയുള്ള ഷെയര്‍ ബേസ്മെന്റ് മുറികള്‍ ഡിമാന്റ് കൂടിയതോടെ 700 അല്ലെങ്കില്‍ 800-ഡോളറിന് വാടകയ്ക്കെടുക്കേണ്ട ഗതികേടിലാണെന്ന് കാനഡോര്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഗുര്‍കിരത് സിംഗ് പറയുന്നു.
”കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ സ്ഥിരമായ താമസം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. എനിക്ക് ബ്രാംപ്ടണിലെ ഒരു സുഹൃത്തിനോടൊപ്പം താമസിക്കേണ്ടിവന്നു, അതിന്റെ ഫലമായി നോര്‍ത്ത് ബേയിലേക്ക് ദിവസേനയുള്ള യാത്രക്ക് പൊതുഗതാഗതത്തില്‍ എനിക്ക് ഏകദേശം 100 ഡോളര്‍ ചെലവാകുന്നുണ്ട്-ലുധിയാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥി ജസ്പ്രീത് കൗര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ അല്ലെങ്കില്‍ മറ്റൊരു ക്യാമ്പസിലേക്ക് സ്ഥലം മാറ്റാന്‍ കോളേജ് അധികൃതരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവളുടെ അഭ്യര്‍ത്ഥനകള്‍ ആരും ചെവിക്കൊള്ളുന്നില്ല.
താമസ സൗകര്യമില്ലാതെ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ പലരും പാര്‍ക്കുകളിലും ഹോട്ടലുകളിലുമാണ് രാത്രി കഴിച്ചുകൂട്ടുന്നത്.
ദുരിതബാധിതരായ വിദ്യാര്‍ത്ഥികള്‍ പിന്തുണ തേടി മോണ്‍ട്രിയല്‍ യൂത്ത് സ്റ്റുഡന്റ് ഓര്‍ഗനൈസേഷനെയും (MYSO) മറ്റ് പഞ്ചാബി സംഘടനകളെയും സമീപിച്ചിട്ടുണ്ട്. MYSO നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നോര്‍ത്ത് ബേ കോളേജ് കാമ്പസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താന്‍ കൂട്ടായ തീരുമാനമെടുത്തു.
രാത്രിയില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ച് അവരെ പിരിച്ചുവിടുകയായിരുന്നു. താമസ സൗകര്യം നല്‍കുമെന്ന വാഗ്ദാനം കോളേജ് പാലിക്കാത്തിടത്തോളം കാലം തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് മറ്റൊരു വിദ്യാര്‍ത്ഥിനിയായ ജസ്വീന്ദര്‍ കൗര്‍ പറഞ്ഞത്. മറ്റ് കോളേജുകളില്‍ നിന്നുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ജസ്വീന്ദര്‍ കൗര്‍ പറഞ്ഞു.