നോർവ: ഭാര്യയുടെ മൃതദേഹം അഞ്ചുവർഷത്തോളം ഫ്രീസറിൽ സൂക്ഷിച്ച ഭർത്താവ് പിടിയില്‍. സ്വീഡനിലെ നോർവയിലാണ് സംഭവം നടന്നത്. ഭാര്യയുടെ പെൻഷൻ തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് 57 കാരനായ ഭർത്താവ് ഇത് ചെയ്തത്. 2018ൽ കാൻസർ ബാധിച്ച മരിച്ച 60 കാരിയുടെ മൃതദേഹമാണ് ഫ്രീസറിൽ സൂക്ഷിച്ചത്. ഈ അഞ്ചുവർഷത്തിനിടയിൽ ഭാര്യയുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു പ്രതിയുടെ പെരുമാറ്റം.
ഭാര്യയെ കുറിച്ച് ആരെങ്കിലും അന്വേഷിച്ചാൽ അവർ ജീവനോടെയുണ്ടെന്നും ആരോടും സംസാരിക്കാൻ താൽപര്യമില്ലെന്നുമൊക്കെയാണ് ഇയാൾ പറഞ്ഞിരുന്നത്. ഭാര്യയോട് സംസാരിക്കണമെന്ന് പറഞ്ഞാൽ അവർ ഉറങ്ങുകയാണെന്നും ഇയാൾ ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ ഈ വർഷമൊന്നും സ്ത്രീയുടെ യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കളാണ് പൊലീസിൽ പരാതിപ്പെടുന്നത്. തുടർന്ന് പൊലീസ് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സ്ത്രീയുടെ മൃതദേഹം ഫ്രീസറിൽ നിന്ന് കണ്ടെത്തുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഭാര്യയുടെ മൃതദേഹം ഫ്രീസറിൽവെച്ച കാര്യം സമ്മതിച്ചു. ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസറിൽ വെച്ചതായാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഫ്രീസറിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പെൻഷൻ തുക തട്ടിയെടുക്കുന്നതിനാണ് ഭാര്യയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാൻസർ രോഗി ആയതിനാൽ നിരവധി പെൻഷനും മറ്റ് ആനുകൂല്യങ്ങളും ഇയാളുടെ ഭാര്യക്ക് ലഭിക്കുന്നുണ്ടായിരുന്നു. ഏകദേശം 1.2 ദശലക്ഷം നോർവീജിയൻ ക്രോണർ ( 116,000 ഡോളർ) ഇയാള്‍ കൈപ്പറ്റിയെന്നും റിപ്പോർട്ടുകൾ പറയുന്നു. വഞ്ചനയ്ക്കും രേഖകളിൽ കൃത്രിമം കാണിച്ചതിനും സ്വീഡിഷ് കോടതി ഇയാളെ മൂന്നര വർഷത്തെ തടവിന് ശിക്ഷിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.