മോസ്കോ: യു.എസിന്റെ നയതന്ത്ര പരാജയമാണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് കാരണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയതിന് ശേഷം ആദ്യമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പുടിന്റെ പരാമർശം. ഇസ്രായേൽ അനുകൂല നിലപാടാണ് യു.എസ് പിന്തുടരുന്നത്. ഇത് ഫലസ്തീന്റെ താൽപര്യങ്ങൾക്ക് എതിരാണെന്നും പുടിൻ പറഞ്ഞു.
ഞാൻ പറയുന്നതിനോട് നിങ്ങളെല്ലാവരും യോജിക്കുമെന്നാണ് വിചാരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ യു.എസ് നയം പരാജയപ്പെട്ടതാണ് ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് കാരണമെന്ന് പുടിൻ പറഞ്ഞു. ഇറാഖ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ പ്രമേയം കൊണ്ടു വരുന്നതിന് മുൻകൈ എടുത്തത് യു.എസാണ്. എന്നാൽ, ഇരു രാഷ്ട്രങ്ങൾക്കും സ്വീകാര്യമായ നിലപാട് വിഷയത്തിൽ എടുക്കുന്നതിൽ യു.എസ് പരാജയപ്പെട്ടു. ഫലസ്തീൻ ജനതയുടെ മൗലികാവകാശങ്ങൾ കണക്കിലെടുക്കാതെയായിരുന്നു യു.എസ് നിലപാടെന്നും പുടിൻ കുറ്റപ്പെടുത്തി.
നേരത്തെ ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പ്രശ്നം പരിഹരിക്കാനുള്ള ഏക പോംവഴിയെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞിരുന്നു. നൂറുകണക്കിന് ഇസ്രായേലികളും ഫലസ്തീനികളും മരിച്ചതിൽ ആശങ്കയുണ്ട്. ഇസ്രായേൽ തിരിച്ചടിയുടെ ലക്ഷ്യമായി ഗാസയെ പ്രഖ്യാപിച്ചതിലും റഷ്യൻ വിദേശകാര്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചിരുന്നു.