വാഷിംഗ്ടണ്‍: ചൊവ്വാഴ്ച്ച ഗാസ മുനമ്പിലെ ആശുപത്രിയില്‍ അഞ്ഞൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉഗ്രസ്‌ഫോടനം നടത്തിയത് പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയാണെന്ന് യു എസ് പ്രതിരോധ മന്ത്രാലയം.
തങ്ങളല്ല ഗാസയിലെ സ്ഫോടനത്തിന് ഉത്തരവാദികള്‍ എന്ന ഇസ്രായേലിന്റെ വാദം ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യു എസ് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമാനം ഗാസയില്‍ നിന്ന് ശേഖരിച്ച ഇലക്ട്രോണിക് ആശയവിനിമയ വിവരങ്ങളെയും അവിടെ നിന്നുള്ള രഹസ്യ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
‘ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളും ചോര്‍ത്തിയെടുത്ത ആശയവിനിമയ ശകലങ്ങളും പൊതുവില്‍ ലഭ്യമായ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ ഈ സ്ഫോടനത്തിന് ഉത്തരവാദികള്‍ ഇസ്രായേല്‍ അല്ലെന്ന നിഗമനത്തിലെത്തിയിട്ടുള്ളത്,’ യു എസ് ദേശീയ പ്രതിരോധ കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സന്‍ പറഞ്ഞു. യു എസ് ഇപ്പോഴും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച്ച ഇസ്രയേലിലെത്തിയ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. ‘ഇന്നലെ ഗാസയിലെ ആശുപത്രിയില്‍ നടന്ന സ്‌ഫോടനം എന്നെ ഏറെ ദുഃഖിപ്പിക്കുകയും രോഷാകുലനാക്കുകയും ചെയ്തു. എനിക്ക് ലഭ്യമായ വിവരമനുസരിച്ച് അത് മറ്റേ ടീം ആണ്, നിങ്ങളല്ല ചെയ്തത്,’ പ്രസിഡന്റ് ബൈഡന്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് പറഞ്ഞു