റഫ: ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ്. ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്നാണ് പ്രദേശവാസികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. നേരത്തെ വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്തിരുന്നു. തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
ഇതിനിടെ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ 4385 പേര്‍ കൊല്ലപ്പെടുകയും 13500 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 1756 കുട്ടികളും 967 സ്ത്രീകളുമുണ്ട്. 1400ഓളം പേരെ ഗാസയില്‍ കാണാതായി. ഇതില്‍ 720പേര്‍ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 84 പലസ്തീനികള്‍ കൊല്ലപ്പെടുകയും 1400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1040 പലസ്തീനികളെ ഇസ്രയേലി സൈന്യം കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ 1405 ഇസ്രയേലികള്‍ കൊല്ലപ്പെടുകയും 5007പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 210 ഇസ്രയേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്. 100ഓളം പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 89184 പാര്‍പ്പിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതില്‍ 8840 പൂര്‍ണ്ണമായി തകര്‍ന്നു. 164 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒരെണ്ണം പൂര്‍ണ്ണമായും നശിച്ചു. 19 ആരാധനാലയങ്ങള്‍ക്കാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. 24 ആരോഗ്യകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമല്ലാതായി. 23 ആബുലന്‍സുകളും ആക്രമണത്തില്‍ തകര്‍ന്നു.