Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഗാസ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു': ഐക്യരാഷ്ട്രസഭ

‘ഗാസ ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു’: ഐക്യരാഷ്ട്രസഭ

ജനീവ: ഗാസ മുനമ്പ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ. കൂടൂതല്‍ പേര്‍ നിര്‍ജ്ജലീകരണം കാരണം മരണപ്പെടുമോ എന്ന ആശങ്കയിലാണെന്നും ഐക്യരാഷ്ട്ര സഭ വൃത്തങ്ങള്‍ അറിയിച്ചു.

ഒക്ടോബര്‍ 7നാണ് ഹമാസ് പോരാളികള്‍ അതിര്‍ത്തി കടന്നെത്തി ഇസ്രായേലില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1400ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 240 പേരെ ഹമാസ് തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇസ്രായേല്‍ ഗാസയില്‍ ബോംബാക്രമണം ആരംഭിച്ചത്.

ഗാസയിലെ ഇസ്രായേലിന്റെ പ്രത്യാക്രമണത്തില്‍ 8500 പേരാണ് കൊല്ലപ്പെട്ടതെന്ന് ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ അധികവും സാധാരണക്കാരാണ്.

” കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം ആയിരങ്ങള്‍ കടന്നു,” യുണിസെഫ് മുഖ്യവക്താവ് ജെയിംസ് എല്‍ഡര്‍ പറഞ്ഞു.

”ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്. 3450 ലധികം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ദിവസം ചെല്ലുന്തോറും ഈ കണക്കുകള്‍ ഉയരാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറി. ബാക്കിയുള്ളവര്‍ക്ക് അതൊരു നരകമായി മാറിയിരിക്കുന്നു,” എന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന കുട്ടികള്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണെന്നും നിര്‍ജ്ജലീകരണം അവരുടെ ആരോഗ്യത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഗാസയിലേക്ക് എത്തിക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും അതിനായി അടിയന്തിര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യണമെന്നും യൂണിസെഫ് വൃത്തങ്ങള്‍ അറിയിച്ചു.

‘ബോംബാക്രമണത്തില്‍ മരിക്കുന്ന കുട്ടികളുണ്ട്. അവരുടെ ജീവന്‍ രക്ഷിക്കപ്പെടേണ്ടതാണ്,” എല്‍ഡര്‍ പറഞ്ഞു.

ഗാസ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കാനുള്ള സംവിധാനമുണ്ടാകണം. ഇല്ലെങ്കില്‍ ആക്രമണങ്ങളില്‍ നിന്നുള്ള മരണങ്ങള്‍ ഇനിയും ഉയരാമെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 940 കുട്ടികളെയാണ് കാണാതായത്.

അതേസമയം നേരിട്ടുള്ള ബോംബാക്രമണത്തിലൂടെ മാത്രമല്ല ഗാസയിലെ ജനങ്ങള്‍ മരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി.

” ആക്രമണത്തിനിടയില്‍ മാസം തികയാതെ പ്രസവിച്ച 130 നവജാത ശിശുക്കളെയാണ് ഞങ്ങള്‍ സംരക്ഷിക്കുന്നത്. ഇന്‍കുബേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്,” ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്മീര്‍ പറഞ്ഞു.

ഒക്ടോബര്‍ 7 ന് ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത ആക്രമണമാണ് ഹമാസ് നടത്തിത്. ഇതിന് മറുപടിയായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പലസ്തീന്‍ പ്രദേശം വ്യോമ, കര ആക്രമണത്തിലൂടെ ഇസ്രായേല്‍ പിടിച്ചെടുത്തു.

അതേസമയം തിങ്കളാഴ്ചയോടെ, ഇസ്രായേല്‍ കരസേന ഗാസയിലേക്ക് കടക്കുകയും പ്രദേശത്തെ പ്രധാന നഗരത്തില്‍ ടാങ്കുകളും മറ്റ് കവചിത വാഹനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്യുകയാണ്. സൈന്യം ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ ഒരു സൈനികനെ മോചിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, വെടിനിര്‍ത്തല്‍ സാധ്യമല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments