തെൽഅവീവ്: ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്കയും ഇസ്രായേലിൽ നിന്ന് നയതന്ത്രജ്ഞരെ തിരികെ വിളിക്കുന്നു. നയതന്ത്രജ്ഞരുമായി സ്ഥിതിഗതികൾ ചർച്ച ചെയ്യുമെന്ന് മന്ത്രി ഖുംബുഡ്‌സോ ഷാവെനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നേരത്തെ തുർക്കിയ, ജോർദാൻ, ബൊളീവിയ, ഹോണ്ടുറാസ്, കൊളംബിയ, ചിലി, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചിരുന്നു. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്തിരുന്നു.
തെൽഅവീവിലെ തങ്ങളുടെ എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരോടും പ്രിട്ടോറിയയിലേക്ക് തിരികെ വരാൻ ആവശ്യപ്പെട്ടതായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഓഫിസിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഖുംബുഡ്‌സോ ഷാവെനി അറിയിച്ചു.
‘ഫലസ്തീനിലെ കുട്ടികളെയും നിരപരാധികളായ സാധാരണക്കാരെയും തുടർച്ചയായി കൊലപ്പെടുത്തുന്നതിൽ ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. ഇസ്രായേലിന്റെ ഇപ്പോഴത്തെ പ്രതികരണം ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്ന സ്വഭാവത്തിലുള്ളതാണ്’ -വിദേശകാര്യ മന്ത്രി നലേഡി പണ്ടോർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.