മോസ്കോ: ശീതയുദ്ധകാലത്ത് നിലവിൽവന്ന ആയുധ കരാറിൽനിന്ന് പിൻവാങ്ങി റഷ്യ. യൂറോപ്പിലെ പരമ്പരാഗത സായുധസേന കരാറിൽനിന്നാണ് (സി.എഫ്.ഇ) ഔദ്യോഗികമായി പിന്മാറിയത്. നാറ്റോ വ്യാപനം ഇത്തരം സഹകരണത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്തിയതായി മോസ്കോ കുറ്റപ്പെടുത്തി. അമേരിക്ക നയിക്കുന്ന നാറ്റോ സഖ്യം കരാർ പ്രകാരമുള്ള നിയന്ത്രണങ്ങൾ മറികടന്നതായും റഷ്യയുടെ താൽപര്യങ്ങൾ പാലിക്കാത്ത ഇതിൽനിന്നുള്ള പിന്മാറ്റം ചരിത്രമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആണവ പരീക്ഷണങ്ങൾ പൂർണമായി വിലക്കുന്ന സമഗ്ര ആണവ പരീക്ഷണ നിരോധന കരാറിൽനിന്ന് (സി.ടി.ബി.ടി) കഴിഞ്ഞ ആഴ്ച റഷ്യ പിന്മാറിയിരുന്നു. തൊട്ടുപിറകെ തങ്ങളുടെ അന്തർവാഹിനികളിലൊന്നിൽനിന്ന് ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുകയും ചെയ്തു.
ബർലിൻ മതിൽ തകർച്ചക്ക് ഒരു വർഷം കഴിഞ്ഞ് 1990ൽ നിലവിൽവന്നതാണ് സി.എഫ്.ഇ. അതിവേഗ ആക്രമണത്തിന് സഹായിക്കുംവിധം ശീതയുദ്ധകാല വൈരികൾ സൈന്യം ഒരുക്കുന്നത് തടയാൻ ലക്ഷ്യമിട്ട് രൂപം നൽകിയതാണിത്.
എന്നാൽ, ഈ കരാർ വർഷങ്ങളായി റഷ്യ പാലിക്കുന്നില്ലെന്ന് നാറ്റോ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഈ കരാറിനെ തള്ളിയുള്ള ഉത്തരവിൽ പുടിൻ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പ്രായോഗികമായി എന്നേ പിന്മാറിയ കരാറിൽനിന്നാണ് അവസാനം ഔദ്യോഗിക പിന്മാറ്റമുണ്ടായത്.