ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതമാക്കി ഖത്തർ. ഖത്തർ അമീർ സമാധാന ദൗത്യവുമായി ഈജിപ്ത് സന്ദർശിച്ചു. നാളെ സൗദിയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലും അമീർ പങ്കെടുക്കും.
അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കിയത്. വ്യാഴാഴ്ച വൈകുന്നേരം യു.എ.ഇയിലെത്തി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടികാഴ്ച നടത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ന് രാവിലെ ഈജിപ്തും സന്ദർശിച്ചു. യുദ്ധം അവസാനിപ്പിക്കാനും, ഗസ്സയിലേക്ക് അടിയന്തിര മാനുഷിക സഹായമെത്തിക്കാനും, തടവുകാരുടെ മോചനത്തിനുമായി കൈകോർത്തു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സിസിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദിയിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിൽ പങ്കെടുക്കാനായി അമീർ റിയാദിലെത്തി. ഇസ്രായേലിന്റെ ആക്രമണം മേഖലയുടെ സമാധാന ശ്രമങ്ങളെ ഹനിക്കുമെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീൻ സഹോദരങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും എല്ലാ കക്ഷികളുടെയും ഇടപെടൽ ആവശ്യപ്പെടുന്നതായും അമീർ ‘എക്‌സ്’ പേജിലുടെ വ്യക്തമാക്കി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും അമീറിനൊപ്പം ഈജിപ്ത് സന്ദർശനത്തിലുണ്ടായിരുന്നു. അതിനിടെ, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായി 15ഓളം തടവുകാരെ വരും ദിവസങ്ങളിൽ മോചിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞതായി വാർത്താ ഏജൻസി ‘റോയിട്ടേഴ്‌സ്’ റിപ്പോർട്ട് ചെയ്തു. സി.ഐ.എ തലവൻ വില്യം ബേൺസ് കഴിഞ്ഞ ദിവസം ദോഹയിലെത്തി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.