ബെയ്ജിങ്: ഗസ്സ വിഷയത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഐക്യം കൊണ്ടുവരിക എളുപ്പമുള്ള കാര്യമല്ലെന്ന് ചൈന. തകർന്ന ഒരു കളിപ്പാട്ടം പ്രതീകമായി യു.എൻ അംഗങ്ങൾക്കു മുന്നിൽ കാണിച്ചാണ് ചൈന ഇക്കാര്യം സൂചിപ്പിച്ചത്. ഈമാസം യു.എൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ചൈനയാണ്.
ഒരു കളിപ്പാട്ടം പൂർണമായി തകർന്നാൽ ഒരു കഷണം മാത്രം ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് യു.എന്നിലെ ചൈനയുടെ സ്ഥിരം പ്രതിനിധി ഷാൻ ജുൻ പറഞ്ഞു. തീരുമാനങ്ങൾ നടപ്പാക്കാൻ മാത്രം അധികാരമുള്ള രക്ഷാസമിതിക്ക്, ഗസ്സയിൽകൂട്ടക്കുരുതി നടത്തുന്ന ഇസ്രായേലിനെതിരെ ഫലപ്രദമായി ഉപരോധം ഏർപ്പെടുത്താനോ സൈനിക നടപടി സ്വീകരിക്കാനോ കഴിയില്ല.
അതേസമയം, ഗസ്സയിൽ താൽകാലിക വെടിനിർത്തൽ നടപ്പാക്കണമെന്ന പ്രമേയത്തെ അനുകൂലിക്കാൻ പോലും അംഗങ്ങൾക്ക് സാധിച്ചിട്ടില്ല. ഈ വിഷയത്തിൽ അവതരിപ്പിച്ച നാല് പ്രമേയങ്ങളിൽ ഒന്നുപോലും പാസാക്കാൻ സാധിച്ചില്ല. രണ്ടെണ്ണം വീറ്റോ ചെയ്യുകയും ചെയ്തു. ഒരെണ്ണം യു.എസും മറ്റൊന്ന് ചൈനയും റഷ്യയുമാണ് വീറ്റോ ചെയ്തത്. മറ്റ് രണ്ടെണ്ണം പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തള്ളിപ്പോയി. വെടിനിർത്തലിന് ആഹ്വാനമില്ലാത്തതിനാലാണ് ചൈനയും റഷ്യയും പ്രമേയം വീറ്റോ ചെയ്തത്. അതേസമയം, ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് പ്രമേയം വീറ്റോ ചെയ്തത്.