ടെൽ അവീവ്: ഹൂതികൾ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലുകൾ തടയുന്നതിനായി ആരോ 3 മിസൈൽ ഇന്റർസെപ്റ്റർ ഉപയോഗിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ചെങ്കടലിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമായി വന്ന ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ വിജയകരമായി പ്രതിരോധിച്ചു. യെമനിൽ നിന്നുള്ള ആക്രമാണിതെന്ന് ഇസ്രയേൽ സൂചിപ്പിച്ചു. ഗാസ മുനമ്പിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിഷ്ഫലമായ ശ്രമങ്ങൾക്കിടിയിലാണ് മേഖലയിൽ കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യത തെളിയുന്നത്.
ലോകത്തിലെ ഏറ്റവും അത്യാധുനിക വ്യോമ, മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ആരോ 3, ദീർഘദൂര എക്സോ-അന്തരീക്ഷ ബാലിസ്റ്റിക് മിസൈലുകളെ തടസ്സപ്പെടുത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇസ്രയേലി മിസൈൽ ഡിഫൻസ് ഓർഗനൈസേഷനും യുഎസ് മിസൈൽ ഡിഫൻസ് ഏജൻസിയും തമ്മിലുള്ള സഹകരണത്തിന്റെ ഫലമാണ് ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് ഈ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. ‘ആരോ’ വികസിപ്പിച്ചെടുത്തത് ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണി തടയാനാണ്. ഹൈപ്പർസോണിക് ആരോ 3, നേരത്തെയുള്ള ആരോ 2-നേക്കാൾ വേഗത്തിലും ഉയർന്ന ഉയരത്തിലും ചലിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് വെള്ളിയാഴ്ച ഗാസയിൽ ഇസ്രയേൽ ‘ഉയർന്ന ശക്തിയുള്ള സ്ഫോടനാത്മക ആയുധങ്ങൾ’ പ്രയോഗിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
യെമനിലെ ഹൂതികൾ ഇസ്രയേൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആരോ 3 ബാലിസ്റ്റിക് മിസൈലുകൾ കൃത്യമായി പ്രതിരോധിച്ചതായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. ആരോ 3 ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ എത്തുന്നത് തടഞ്ഞു.ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് ഹൂതികളും ഇസ്രയേലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.