വത്തിക്കാൻ സിറ്റി: ടൈലർ രൂപതാ ബിഷപ്പ് ( ടെക്‌സസ്, യുഎസ്) ജോസഫ് സ്‌ട്രിക്‌ലാൻഡിനെ ഫ്രാൻസിസ് മാർപാപ്പ രൂപതാ ചുമതലകളിൽ നീക്കി. മാർപാപ്പയുടെ നേതൃത്വത്തെ ചോദ്യം ചെയ്തതിനെ തുടർന്നാണ് നടപടിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ടൈലർ രൂപതയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഫലമായി ബിഷപ്പിനെ ചുമതലകളിൽ നിന്ന് ‘ഒഴിവാക്കി’യെന്ന് എന്ന് വത്തിക്കാൻ അറിയിച്ചു.
മാർപാപ്പയുടെ പരിഷ്കാരങ്ങളെ എതിർക്കുന്ന യുഎസിലെ കത്തോലിക്കാ സഭയിലെ പ്രമുഖ ശബ്ദമാണ് ബിഷപ്പ് സ്‌ട്രിക്‌ലാൻഡ്.ഗർഭച്ഛിദ്രം, ട്രാൻസ്‌ജെൻഡർ അവകാശങ്ങൾ, സ്വവർഗ വിവാഹം എന്നിവയുൾപ്പെടെ വിഷയങ്ങളിൽ മാർപാപ്പയുടെ നിലപാടിനെതിരെ ബിഷപ്പ് സ്‌ട്രിക്‌ലാൻഡ് ശക്തമായ വിമർശനം ഉന്നിയിച്ചിരുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ വെല്ലുവിളി നേരിടുന്നതായി ബിഷപ്പ് സ്‌ട്രിക്‌ലാൻഡ് ജൂലൈ മാസം ആരോപിച്ചിരുന്നു.
‘മാറ്റാൻ കഴിയാത്തത്’ മാറ്റാനുള്ള ശ്രമങ്ങൾ സഭയിൽ മാറ്റാനാവാത്ത പിളർപ്പിലേക്ക് നയിക്കും. മാറ്റം ആഗ്രഹിക്കുന്നവർ ഭിന്നിപ്പുള്ളവരാണെന്നും ബിഷപ്പ് നിലപാട് എടുത്തിരുന്നു.’എനിക്ക് ടൈലർ ബിഷപ്പ് സ്ഥാനം രാജിവയ്ക്കാൻ കഴിയില്ല, കാരണം അത് ഞാൻ ആട്ടിൻകൂട്ടത്തെ (വിശ്വാസികളെ) ഉപേക്ഷിക്കുന്നതിന് തുല്യമാണ്. തന്നെ വേണമെങ്കിൽ മാർപാപ്പ പുറത്താക്കട്ടെ,’–
ബിഷപ്പ് സ്‌ട്രിക്‌ലാൻഡ് നേരത്തെ വ്യക്തമാക്കിയിരുന്നു
രൂപതയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും അന്വേഷണം നടത്തിയതായി കത്തോലിക്കാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയിരിക്കെ 2012ലാണ് ബിഷപ്പ് സ്‌ട്രിക്‌ലാൻഡ് (65) മെത്രനായി നിയമിതനാകുന്നത്.