Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേല്‍ തടവിലാക്കിയ പാലസ്തീനികളെ മോചിപ്പിച്ചാല്‍ 50 ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ്

ഇസ്രായേല്‍ തടവിലാക്കിയ പാലസ്തീനികളെ മോചിപ്പിച്ചാല്‍ 50 ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ്

വാഷിംഗ്ടണ്‍: ഇസ്രായേല്‍ തടവിലാക്കിയ പാലസ്തീനികളെ വിട്ടയച്ചാല്‍ ഗാസയില്‍ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാന്‍ പലസ്തീനിയന്‍ തീവ്രവാദ സംഘടനയായ ഹമാസ്  സമ്മതിച്ചിട്ടുണ്ടെന്ന് ഒരു അറബ് നയതന്ത്രജ്ഞനെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കരാര്‍ അംഗീകാരത്തിനായി ഇസ്രായേലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഖത്തറിന്റെ മധ്യസ്ഥതയിലാണ് ബുധനാഴ്ച ഹമാസുമായി ചര്‍ച്ച നടത്തിയത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി ഗാസയില്‍ നിന്ന് 50 ഓളം സിവിലിയന്‍ ബന്ദികളെ മോചിപ്പിക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളുള്ള കരാര്‍ ഉണ്ടാക്കിയതായും ഇതിന് ഇസ്രായേലിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചര്‍ച്ചകളെ കുറിച്ച് അറിവുള്ള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയ്ക്കുകൂടി അറിവുള്ള കരാര്‍ അംഗീകരിക്കപ്പെട്ടാല്‍ ഇസ്രായേലി ജയിലുകളില്‍ നിന്ന് ചില ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുകയും ഗാസയിലേക്ക് അനുവദിച്ച മാനുഷിക സഹായത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലും അതിന്റെ ഏറ്റവും വലിയ പിന്തുണക്കാരനായ യുഎസും ഗാസയില്‍ വെടിനിര്‍ത്തലിനായുള്ള വര്‍ദ്ധിച്ചുവരുന്ന ആഹ്വാനങ്ങള്‍ തള്ളിയിരുന്നു. പകരം ആക്രമണവും ഉപരോധവും കൂടുതല്‍ ശക്തമാക്കാനാണ് ഇസ്രായേല്‍ തയ്യാറായത്.

ഇതെതുടര്‍ന്ന് പാലസ്തീന്‍ എന്‍ക്ലേവില്‍ മരണ സംഖ്യവര്‍ധിച്ചു. ശവശരീരങ്ങള്‍ അടക്കം ചെയ്യാന്‍ പോലും കഴിയാതെ അഴുകുന്ന നിലയിലാണ്. ഇതിനുപുറമെ വൈദ്യുതിയും ആഹാരവും വെള്ളവും പോലും കിട്ടാതെ ജനജീവിതം ദുരിതപൂര്‍ണവുമായി. ഇതെതുടര്‍ന്ന് യുദ്ധം താല്‍ക്കാലികമായി നിര്‍ത്താന്‍ വാഷിംഗ്ടണ്‍ അടുത്തിടെ ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഖത്തറിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളില്‍ അടുത്ത ആഴ്ചകളില്‍ കാര്യമായ മാറ്റമുണ്ടായെങ്കിലും മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 50 സിവിലിയന്‍ തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് ഇതാദ്യമാണ്, കരാറിന്റെ ഉള്ളടക്കം ഹമാസ് അംഗീകരിച്ചിട്ടുണ്ട്.

ഈ കരാറിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ പ്രധാനം ജീവിച്ചിരിക്കുന്ന എത്ര ബന്ദികളാണ് ഹമാസിന്റെ കസ്റ്റഡിയില്‍ ഉള്ളതെന്നാണ്. ഇവരുടെ പൂര്‍ണമായ വിവരങ്ങള്‍ അടങ്ങിയ പട്ടിക ഹമാസ് കൈമാറേണ്ടതുണ്ട്. എല്ലാ ബന്ദികളെയും കൂടുതല്‍ സമഗ്രമായി മോചിപ്പിക്കുന്നത് നിലവില്‍ ചര്‍ച്ചയിലില്ലെന്നും ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.

അതേസമയം ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ ഇസാത്ത് എല്‍ റഷ്ഖി ഇടപാടോ ചര്‍ച്ചയോ നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല.

ഗാസമുനമ്പില്‍ തടവിലാക്കപ്പെട്ട 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതും ഒരു യഥാര്‍ത്ഥ മാനുഷിക ഉടമ്പടിയും ഇസ്രായേല്‍ ഇപ്പോഴും നിരസിക്കുകയും വൈകിപ്പിക്കുകയും ചെയ്യുകയാണെന്ന്  ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ബന്ദികളുടെ മോചനത്തിനായി യുദ്ധം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നാല്‍ പോലും ലക്ഷ്യം പൂര്‍ത്തിയാക്കും വരെ യുദ്ധം തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രായേലിന്റെ യുദ്ധ കാബിനറ്റിന്റെ ഭാഗമായ ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു, ബന്ദികളെ മോചിപ്പിക്കുന്ന കരാറിന് തടസമാകുന്നത് എന്താണെന്ന് വിശദീകരിക്കാനും അദ്ദേഹം വിസമ്മതിച്ചു.

അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിന് പകരമായി 70 സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കാന്‍ തയ്യാറാണെന്ന് ഖത്തറി ചര്‍ച്ചക്കാരോട് പറഞ്ഞതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.

ബന്ദികളെ മോചിപ്പിക്കാന്‍ തങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് അടുത്ത ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് ശേഷം 240 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com