തെൽഅവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽനിന്ന് പിടികൂടിയ 137 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈയിൽതനെനയാണെന്ന് ഇസ്രായേൽ. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളതെന്ന് ഇസ്രായേൽ സർക്കാർ വക്താവ് എയിലോൺ ലെവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒക്ടോബർ ഏഴിന് പിടികൂടിയ 247 ബന്ദികളിൽ 110 ബന്ദികളെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്.
യുദ്ധത്തിന് മുമ്പ് കാണാതായ നാല് പേരും ഹമാസിന്റെ കൈയിലുള്ളതായി സംശയിക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ സൈനികരടക്കമുള്ള ബാക്കി ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഗിലാദ് ഷാലിത്ത് എന്ന ഇസ്രായേൽ സൈനികനെ മോചിപ്പിക്കാൻ 2011ൽ 1,000ലേറെ ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചിരുന്നു.
ഹമാസിന്റെ കൈവശമുള്ള ബന്ദികളിൽ 126 പേർ ഇസ്രായേലികളും 11 പേർ വിദേശ പൗരന്മാരുമാണ്. എട്ട് തായ്‌ലൻഡുകാർ, ഒരു നേപ്പാളി, ഒരു ടാൻസാനിയൻ, ഒരു ഫ്രഞ്ച് മെക്‌സിക്കൻ പൗരൻ എന്നിവരാണ് വിദേശികൾ. പത്ത് മാസം പ്രായമുള്ളതും നാല് വയസ്സ് പ്രായമുള്ളതുമായ രണ്ട് കുട്ടികളും ബന്ദികളിൽ ഉണ്ട്. ഇവർ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു.