ദുബൈ: ഗസ്സയിൽ ആക്രമണം വീണ്ടും ആരംഭിച്ചതിൽ ഫ്രാൻസിന് കടുത്ത ആശങ്കയുണ്ടെന്നും വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഖത്തറിലേക്ക് പോകുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ.
ദുബൈയിലെ കോപ് 28 വേദിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം വെടിനിർത്തൽ കൊണ്ടുവരാനും ബന്ധികളെ മോചിപ്പിക്കാനും ഇരട്ടി പരിശ്രമം ആവശ്യമാണ്. ഇസ്രായേൽ അവരുടെ അന്തിമലക്ഷ്യം കൂടുതൽ കൃത്യമായി നിർവചിക്കേണ്ട സാഹചര്യമാണുള്ളത്. ഹമാസിന്റെ സമ്പൂർണ നാശം സാധ്യമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ?. അങ്ങനെയാണെങ്കിൽ, യുദ്ധം 10 വർഷം നീണ്ടുനിൽക്കും.
ഫലസ്തീനികളുടെ ജീവനെടുത്ത്, അതുവഴി മേഖലയിലെ ജനങ്ങളുടെ നീരസം സമ്പാദിച്ചാണ് ഇസ്രായേൽ സുരക്ഷ കൈവരിക്കുന്നതെങ്കിൽ അതൊരിക്കലും ശാശ്വതമാകില്ലെന്നും മാക്രോൺ പറഞ്ഞു.