കൊച്ചി: തിരുവനന്തപുരം: ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. എന്നാല്‍ കൊച്ചിയിലും ആഘോഷം സംഘടിപ്പിച്ചു. മലയാള സിനിമ സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ യേശുദാസ് ഓണ്‍ലൈനായി പങ്കെടുത്തു. യേശുദാസിന്‍റെ മകന്‍ വിജയ് യേശുദാസാണ് ചടങ്ങില്‍ കേക്ക് മുറിച്ചത്.
ചടങ്ങില്‍ അമേരിക്കയില്‍ നിന്നും സംസാരിച്ച യേശുദാസ് സംഗീതത്തെ ബഹുമാനിക്കുക. സംഗീതമാണ് ജീവന്‍റെ തുടിപ്പ് എന്ന് പറഞ്ഞു. ജാതിമത ഭേദമെന്യെ എല്ലാവരും ഒന്നായിരിക്കുന്നതാണ് പിറന്നാൾ കേക്കിനെക്കാൾ മധുരമുള്ളതായി കാണുന്നതെന്നും യേശുദാസ് പറഞ്ഞു.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ഗാന രചിതാവ് ആര്‍കെ ദാമോദരന്‍, അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍റെ ഭാര്യ ശോഭ രവീന്ദ്രന്‍, സംഗീത സംവിധായകന്‍ ജെറി അമല്‍ദേവ്, നടന്‍ ദിലീപ്, നടന്‍ സിദ്ധിഖ്, നടന്‍ മനോജ് കെ ജയന്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയ നിരവധിപ്പേര്‍ ഈ പിറന്നാള്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
യേശുദാസ് അക്കാദമിയുടെയും ഗായകരുടെ കൂട്ടായ്മയായ സമത്തിന്റെയും നേതൃത്വത്തിലാണ് ഗാനഗന്ധർവ്വന്‍റെ ജന്മദിനം ആഘോഷിച്ചത്.
ശതാഭിഷിക്തനായ മഹാഗായകൻ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തിലാണ്. അമേരിക്കയിലെ വീട്ടിൽ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചർച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കൊവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവർഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ലോകത്തിന്റെ ഏത് കോണിൽ ആയാലും ഗന്ധർവ നാദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്.