മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്കായി പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഓഫീസ് സമയത്ത് ഇടയ്ക്ക് ‘വൈ-ബ്രേക്ക്’ എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഓഫീസിൽ സ്വന്തം കസേരയിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനെയാണ് ‘വൈ-ബ്രേക്ക്’ കൊണ്ട് ഉദ്ദേശിക്കുന്നത്. (“Take Yoga Break At Chair”: Centre’s De-Stress Mantra For Employees)
ജോലിസ്ഥലത്തെ സമ്മർദ്ദം ഒഴിവാക്കാനും ജീവനക്കാർ നവോന്മേഷത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിട്ടാണ് ആയുഷ് മന്ത്രാലയം ‘വൈ-ബ്രേക്ക്’ അവതരിപ്പിച്ചത്. ‘വൈ ബ്രേക്ക് അറ്റ് വര്‍ക്ക് പ്ലേസ്’ എന്ന പേരിലാണ് യോഗയെ പ്രോത്സാഹിപ്പിക്കാനുള്ള ഈ പരിപാടി. ഈ പുതിയ യോഗ പ്രോട്ടോക്കോൾ സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂണ്‍ പന്ത്രണ്ടിനാണ് ഇത്തരമൊരു ഉത്തരവ് കേന്ദ്രം ഇറക്കിയത്. ജീവനക്കാര്‍ ഓഫീസിലിരുന്ന് യോഗ ചെയ്യുന്നതിലൂടെ ഏറെ പ്രയോജനം ലഭിക്കും. ഇതുമൂലം ജീവനക്കാര്‍ക്ക് പുതിയ ഉന്മേഷം ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. യോഗ അഭ്യസിക്കാനുള്ള യൂട്യൂബ് ലിങ്കും ആയുഷ് മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഓഫീസിലും അവിടെയുള്ള കസേരയില്‍ ഇരുന്ന് ചെയ്യാന്‍ കഴിയുന്നതുമായ യോഗ അഭ്യാസങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ശ്വസനരീതികള്‍, ധ്യാനം, ആസനങ്ങള്‍ എന്നിവയെ കുറിച്ചുള്ള ലളിതമായ യോഗ പരീശലീനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.