തിരുവനന്തപുരം : യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് മന്ത്രി ആർ.ബിന്ദു. യോഗ ലോകത്തിലെ എല്ലായിടത്തും ചെയ്യപ്പെടുന്നത് ഇന്ത്യയ്ക്ക് അഭിമാനകരമാണെന്ന് തിരുവനന്തപുരത്ത് സംസ്ഥാനതല യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
‘നൂറ്റാണ്ടുകൾക്ക് മുൻപ് രൂപംകൊണ്ട ഋഗ്വേദത്തിൽ യോഗയെക്കുറിച്ച് പരാമർശിക്കുന്നത് ഇന്ത്യക്ക് ഏറെ അഭിമാനകരമായ കാര്യമാണ്. അതിനു ശേഷം ഉപനിഷത്തുകളിലും യോഗയെക്കുറിച്ചുള്ള പരാമർശമുണ്ട്.
യോഗ നമ്മുടെ സ്കൂളുകളിലും കോളേജുകളിലുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി കൂടി അംഗീകരിക്കപ്പെടേണ്ടതുണ്ട്. ആ ദിശയിൽ നമ്മുടെ ആലോചനകൾ കൊണ്ടുപോകാൻ കഴിയും.
കേരള സർവകലാശാലയ്ക്കും ഒരു യോഗ സെന്റർ , ഒരു മികവ് കേന്ദ്രമായി തന്നെ നമുക്ക് രൂപപ്പെടുത്തിയെടുക്കാനുള്ള സാധ്യതയുണ്ട്.
എല്ലാ തലമുറകൾക്കും നന്മയും ശാന്തിയും നിറഞ്ഞ ഒരു ജീവിതാന്തരീക്ഷം ഉറപ്പാക്കുന്നതിന് യോഗയെ കൂടി ഉപയോഗിക്കുന്നതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാം’.