എറണാകുളം: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി. മൂവാറ്റുപുഴ മുൻസിഫ് കോടതിയിലാണ് മൂവാറ്റുപുഴ സ്വദേശി നഹാസ് മുഹമ്മദ് ഹരജി നൽകിയത്.
നഹാസിന്റെ പേരിലും തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരുന്നു. ഹരജി മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ യൂത്ത് കോണ്‍ഗ്രസിനും റിട്ടേണിങ് ഓഫീസർക്കും കോടതി നോട്ടീസ് അയച്ചു.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി. വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യൂത്ത് കോൺഗ്രസിനോട് വിശദീകരണം തേടിയിരുന്നു. സംഭവത്തിൽ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വിവരം അറിയിച്ചിട്ടുണ്ട്.