ചെറുവത്തൂർ (കാസർകോട്) : തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം കാസർകോട് മുൻ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കെ.കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുമ്പ് അസുഖം കൂടിയതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊതുദർശനത്തിനുശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പിൽ സംസ്കാരം.
പാരമ്പര്യ വൈദ്യ കുടുംബാംഗമായ കുഞ്ഞിരാമൻ 1943 നവംബർ 10ന് തുരുത്തി വപ്പിലമാട് കെ.വി.കുഞ്ഞുവൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായാണ് ജനിച്ചത്. വിദ്യാർഥികാലത്ത് തന്നെ പൊതുപ്രവർത്തനത്തിൽ താൽപര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് കെഎസ്‌എഫിലേക്ക് ആകർഷിച്ചത്. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായി. 2006 മുതൽ 2016 വരെ തൃക്കരിപ്പൂർ എംഎൽഎയായിരുന്നു.