എഡിൻബറോ: യുകെയിൽ നിന്ന് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. എഡിൻബറോയിൽ നിന്ന് അധികം അകലെയല്ലാത്ത ഗ്രാമമായ ന്യൂബ്രിഡ്ജിലെ ആൽമണ്ട് നദിയുടെ കൈവഴിയിൽ നിന്നുമാണ് സാന്ദ്ര സജുവിന്റെ (22) മൃതദേഹം കണ്ടെത്തിയത്.
ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയായിരുന്നു സാന്ദ്ര. നാട്ടിൽ എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് സാന്ദ്ര യുകെയിൽ എത്തിയത്.
ആഴ്ച്ചകൾക്ക് മുൻപാണ് സാന്ദ്രയെ കാണാതായത്. ലിവിങ്സ്റ്റണിലെ ആൽമണ്ട്‌വെയിലിലെ അസ്ദ സൂപ്പർമാർക്കറ്റിന് മുന്നിലെത്തിയ സാന്ദ്രയുടെ സിസിടിവി ദൃശ്യം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇതോടെ സാന്ദ്രയെ എത്രയും വേഗം കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു അന്വേഷണ സംഘം. നിലവിൽ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.