വാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ഹെൻറി കിസിഞ്ചർ അന്തരിച്ചു. 100 വയസായിരുന്നു. കണക്ടികട്ടിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. വിയറ്റ്‌നാമിൽ വെടിനിർത്തൽ സാധ്യമാക്കിയതിന്റെ പേരിൽ 1973ൽ നൊബേൽ പുരസ്‌കാരം ലഭിച്ചിരുന്നു.
വിയറ്റ്‌നാമിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിലും ചൈനയുമായി ബന്ധം സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ചയാളാണ്. അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ നൂറാം ജന്മദിനാഘോഷം നടന്നത്. അതേസമയം, വിയറ്റ്‌നാം യുദ്ധത്തിലടക്കമുള്ള ഇടപെടലിന്റെ പേരിലും ലാറ്റിനമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതികൾക്കുള്ള പിന്തുണയുടെ പേരിലും വിമർശനം ഏറ്റുവാങ്ങി. യുദ്ധക്കൊതിയനാണെന്ന തരത്തിലും വലിയ വിമർശനം ഉയർന്നിട്ടുണ്ട്.
1923ൽ ദക്ഷിണ ജർമനിയിലാണ് കിസിഞ്ചറുടെ ജനനം. നാസി വേട്ടയെ തുടർന്ന് 1938ൽ കുടുംബസമേതം അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. 1943ൽ യു.എസ് പൗരത്വം ലഭിക്കുകയും മൂന്നു വർഷത്തോളം സൈന്യത്തിന്റെ ഭാഗമാകുകയും ചെയ്തു. 1969ൽ അന്നത്തെ യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ആണ് അദ്ദേഹത്തെ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. പിന്നീട് വിദേശകാര്യ സെക്രട്ടറിയുമായി.
50 വയസുകാരിയായ നാൻസി മാഗിന്നസ് കിസിഞ്ചർ ആണ് ഭാര്യ. ആദ്യ വിവാഹത്തിൽ രണ്ടു മക്കളും അഞ്ചു പേരമക്കളുമുണ്ട്.