ബത്തേരി : കെപിസിസി സംസ്ഥാന ക്യാംപ് എക്സിക്യൂട്ടീവ് ചൊവ്വാഴ്ച ബത്തേരിയിൽ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ നേട്ടം, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ്, ഉപതിരഞ്ഞെടുപ്പുകൾ എന്നിവയായിരിക്കും പ്രധാന ചർച്ച. വയനാട്ടിൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിനു പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയാകുന്ന സാഹചര്യത്തിൽ ക്യാംപ് എക്സിക്യൂട്ടീവിനു വലിയ പ്രാധാന്യമാണു കോൺഗ്രസ് നൽകുന്നത്. പ്രിയങ്കയുടെ ഭൂരിപക്ഷം 5 ലക്ഷത്തിലേറെയാക്കുക എന്നതാണ് ലക്ഷ്യം.
തൃശൂരിൽ കെ.മുരളീധരൻ തോറ്റതും ബിജെപി വൻവിജയം നേടിയതും ചർച്ചയാകും. മുരളീധരൻ പങ്കെടുക്കുമോ എന്നതിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. ആലത്തൂരിലെ തോൽവിയും ചർച്ചയാകും. ആലത്തൂർ, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥി നിർണയത്തിന്റെ പ്രാഥമിക ചർച്ചയും നടക്കും. ബിജെപി പിടിച്ച പരമ്പരാഗത സിപിഎം വോട്ടുകൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറ്റാനുള്ള കർമപദ്ധതി തയാറാക്കും.
രാവിലെ 10ന് തുടങ്ങുന്ന ക്യാംപ് ബുധൻ ഉച്ചയോടെ സമാപിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരുൾപ്പെടെ 123 പ്രതിനിധികൾ പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുൻഷി എന്നിവർ മുഴുവൻ സമയവും ക്യാംപിലുണ്ടാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഓൺലൈനായി പങ്കെടുത്തേക്കും.