മനോജ് ചന്ദനപ്പള്ളി
ഒരാൾക്ക് ചുറ്റം ആൾക്കൂട്ടം രൂപപ്പെടുകയും അവരുടെ മുഖത്ത് പുഞ്ചിരി വിടരുകയും ചെയ്താൽ ഉറപ്പിക്കാം, ആൾക്കൂട്ടത്തിലെ
ആ ഒരാൾ ഉമ്മൻ ചാണ്ടി എന്ന പുതുപ്പളളിക്കാരൻ കൂഞ്ഞൂഞ്ഞ് തന്നെയാണെന്ന്. ഉപാധികളില്ലാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന അദ്ദേഹം മാനവിക രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമാണ്. സാധാരണക്കാരൻ്റെ പ്രശ്നങ്ങളെ ഏറ്റവും അടുത്ത് നിന്ന് കേൾക്കാൻ ഇഷ്ടപ്പെടുകയും അതിനായി വിശ്രമമില്ലാതെ ഒപ്പം നിൽക്കാൻ മനസ്സ് കാണിക്കുകയും ചെയ്ത പൊതു പ്രവർത്തകരിലെ വേറിട്ട സാന്നിധ്യം.
എളിമയും സൗമ്യമായ പെരുമാറ്റവും ഒരു ഭരണാധികാരികാരിയിൽ നിന്ന് കേരളം അടുത്ത് കണ്ടത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിലൂടെയായിരുന്നു. ജനസമ്പർക്ക പരിപാടിയിലൂടെ ലോകത്തിൻ്റെ അംഗീകാരം നേടിയ അദ്ദേഹം ജനപക്ഷത്ത് നിന്ന് കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി എക്കാലവും നിലകൊണ്ടു. കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ആശ്രയവും നാഥനുമായിരുന്നു. “ഉമ്മൻ ചാണ്ടീ…” എന്ന് ആർക്കും വിളിക്കാം… കുഞ്ഞു മക്കൾക്ക് മുതൽ തലമുതിർന്നവർക്ക് വരെ! അകറ്റിയോ ആട്ടിപായിച്ചോ ഒരാൾക്കുപോലും മുഖം തിരിച്ചില്ല അദ്ദേഹം. അതായിരുന്നു ഉമ്മൻ ചാണ്ടി. “ജനകീയൻ” എന്ന വാക്കിൻ്റെ അർത്ഥവും വ്യാപ്തിയും ആ പേര് നിർവചിക്കുമായിരുന്നു എന്ന് പറയാം.
ജീവിതത്തിൻ്റ മുഴുവൻ സമയവും ജനക്കൂട്ടത്തിലായിരിക്കാൻ ഇഷ്ടപ്പെട്ട നേതാവ്. ആളും ആരവവും ഒഴിഞ്ഞ് ഉമ്മൻ ചാണ്ടിക്ക് ജീവിതം ഇല്ലായിരുന്നു.
വിശ്രമമില്ലാതെ ജോലി ചെയ്യുകയും തന്നിലേക്കെത്തുന്ന ഓരോരുത്തരുടെയും പ്രശ്നങ്ങളെ തീർപ്പാക്കി കൊടുത്ത് സ്നേഹത്തോടെ പുഞ്ചിരി സമ്മാനിച്ചു യാത്രയാക്കുകയും ചെയ്യുന്ന ശൈലിയാണ് അദ്ദേഹത്തെ ജനകീയനും അൻപത് വർഷത്തിലേറെ നിയമസാമാജികനുമാക്കി ചരിത്രത്തിൽ ഇടം ഒരുക്കിയത്. പക്ഷഭേമെന്യേ പൊതു പ്രവർത്തകർക്ക് ഉമ്മൻ ചാണ്ടി അത്ഭുതം തന്നെയായിരുന്നു.. നല്ല പാഠപുസ്തകവും.
എന്നും ആൾക്കൂട്ടത്തിലായിരിക്കുന്ന അദ്ദേഹത്തിന് വ്യക്തി ജീവിതത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയം എന്നൊന്ന് അപൂർവ്വമാകും. തന്നിലേക്ക് തന്നെ നോക്കാൻ പോലും സാധിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിൻ്റെ ചീകി ഒതുക്കാത്ത മുടിയും വേഷവും സാക്ഷ്യപ്പെടുത്തി. പരാതികളില്ലാതെ ജീവിക്കാൻ ശ്രദ്ധിച്ച അദ്ദേഹം ആരോടും വൈരാഗ്യം വച്ച് പുലർത്താതെ മാധ്യമങ്ങളെയും ജുഡീഷ്യറിയേയും ശ്രദ്ധിക്കുകയും ബഹുമാനിക്കുകയും ചെയ്ത പൊതുപ്രവർത്തകനായിരുന്നു.
എല്ലാത്തിനും ഉപരി “ജനകീയ കോടതി”യോട് ബാധ്യതയും എന്നും വിധേയത്വവും കാണിച്ചു പ്രവർത്തിച്ചു വന്നു.
മുഖ്യമന്ത്രിയായിരിക്കുമ്പോൾ
ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ടപ്പോൾ സൗമ്യതയോടെ പ്രതികരിച്ചു വിസ്മയമായിട്ടുണ്ട് അദ്ദേഹം. ആൾക്കൂട്ടത്തിൽ പോലും പതിയെ മാത്രം സംസാരിക്കുകയും അതിലേറെ കേൾവിയെ ഇഷ്ടപ്പെടുകയും ചെയ്ത ഈ ഭരണാധികാരി മാധ്യമ വിചാരണകളെയും രാഷ്ടീയ വിമർശനങ്ങളെയും ഔചിത്യത്തോടെ മറികടന്ന മാന്യതയുടെ ആൾരൂപമായിരുന്നു. പൊതുപ്രവർത്തകർക്ക് മാതൃകയായ ആദ്ദേഹം സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ശുപാർശകൾ ഇല്ലാതെ കടന്ന് ചെല്ലാൻ കഴിയുന്ന ആശ്രയവും. പള്ളിയിൽ ആയാലും പൊതുവേദികളിലായാലും കുറഞ്ഞ സൗകര്യങ്ങളിൽ ഉമ്മൻ ചാണ്ടി തൃപ്തനായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹം പളളിയുടെ വാതിൽ പടിയിൽ ഇരിക്കുന്നതും ഭക്ഷണം വെടിഞ്ഞ് പൊതു വഴികളിലും വേദികളിലും മണിക്കൂറുകൾ ജനസമ്പർക്കത്തിലലിഞ്ഞ് ചേരുന്നതും നിത്യ കാഴ്‌കളായിരുന്നതും.
ഒരു പക്ഷെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകളോട് നേരിട്ട് സംസാരിച്ച
ഭരണാധികാരികളിലൊരാൾ സാക്ഷാൽ ഉമ്മൻ ചാണ്ടിയായിരിക്കും. ആത്മാർത്ഥതയും സത്യസന്ധതയും പൊതു ജീവിതത്തിൽ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാട്
കേരളത്തിൻ്റെ രാഷ്ട്രീയ പൊതു ജീവിതത്തിൽ തീരാ നഷ്ടമാകുന്നതും അതുകൊണ്ടുതന്നെയാണ്.