ഈ പെൺകരുത്ത് മലയാളിക്ക് അഭിമാനമാണ്, മാതൃകയും. നേട്ടങ്ങളുടെ കൊടുമുടിയിൽ നിന്ന് ആകാശത്തോളം ഉയരുന്ന കഴിവും നിശ്ചയദാർഢ്യവുമാണ് ഷൈനു മാത്യൂസ് എന്ന യുവസംരംഭക. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച നാലാമത് സ്‌കൈ ഡൈവിങ്ങിൻ്റെ ഭാഗമാകാൻ വീണ്ടും ഒരുങ്ങുകയാണ് ഷൈനു. കഴിഞ്ഞ രണ്ടു തവണയും ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചു ശ്രദ്ധ നേടിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് കെയറർ ജോലിക്കായി യുകെയിലെത്തിയ ഷൈനു ഇന്ന് യുകെയിൽ രജിസ്റ്റേഡ് നഴ്സും കെയർഹോം ഉടമയുമാണ്. 20 വർഷങ്ങൾക്ക് മുൻപ് ഷൈനു ക്ലെയർ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയർക്കുന്നം സ്വദേശിനി കെയറർ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം രജിസ്റ്റേഡ് നഴ്‌സും പിന്നീട് കെയർ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സീയോൻ മൗണ്ട് എന്നീ മൂന്ന് നഴ്സിങ് നഴ്സിങ് കെയർ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു ആതുര സേവന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.
2017 ൽ കേരളത്തിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠനത്തിനായി ധന ശേഖരണാർത്ഥം മാഞ്ചസ്റ്ററിൽ വെച്ച് 15,000 അടി ഉയരത്തിൽ സാഹസികമായ സ്കൈ ഡൈവിങ് നടത്തുകയും അതിലൂടെ സമാഹരിച്ച മുഴുവൻ തുകയും പഠന ചെലവിനായി നൽകുകയും ചെയ്തിരുന്നു. 2022ലും സമാന രീതിയിൽ സ്കൈ ഡൈവിങ് നടത്തുകയുണ്ടായി. രണ്ട് പ്രാവശ്യമായി പത്ത് ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇങ്ങനെ സമാഹരിച്ചത്. ‘ഈ പ്രായത്തിലും ഷൈനു മാത്യൂസ് പ്രകടിപ്പിച്ച ആത്‍മവിശ്വാസവും ധൈര്യവും അർപ്പണബോധവും എന്നെ അത്ഭുതപ്പെടുത്തുന്നു’ എന്നായിരുന്നു ഷൈനു മാത്യൂസിന്‍റെ സ്കൈ ഡൈവിങ് ഇൻസ്‌ട്രക്ടറുടെ വാക്കുകൾ.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൈത്താങ്ങേകാൻ ഓണക്കാലത്ത് യുകെയിലെത്തുന്ന നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടിയെയും മറ്റു കലാകാരന്മാരെയും പങ്കാളികളാക്കി കലാപരിപാടികൾ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. അതില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനാണ് ഷൈനു പദ്ധതിയിടുന്നത്.
കൂടാതെ, കവന്‍ട്രിയിൽ പ്രവർത്തിക്കുന്ന ഷൈനുവിന്റെ കൂടി ഉടമസ്ഥതയില്‍ ഉള്ള ടിഫിന്‍ ബോക്‌സില്‍ ഗോപിനാഥ് മുതുകാടിനെ ഉള്‍പ്പെടുത്തി ചാറ്റ് വിത്ത് മുതുകാട് എന്ന പേരിൽ സായാഹ്ന സന്ധ്യ ഒരുക്കുന്നുണ്ട്. അന്നേ ദിവസം ഹോട്ടലിനു കിട്ടുന്ന മുഴുവന്‍ വരുമാനവും ഗോപിനാഥിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പങ്കുവയ്ക്കും.
പൊതുജന ശ്രദ്ധയും വലിയ വാർത്ത പ്രാധാന്യവും നേടിയ പ്രവർത്തനങ്ങളായിരുന്നു ഇവയെങ്കിലും ജനനന്മയെ ലക്ഷ്യമാക്കി ചെറുതും വലുതുമായ ഒട്ടനവധി ക്ഷേമ പ്രവർത്തങ്ങൾ കേരളത്തിലും യുകെയിലുമായി ഇപ്പോഴും ഷൈനു മാത്യൂസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചു പോരുന്ന സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ‘ആശ്രയ പദ്ധതി’യുടെ പ്രവർത്തനങ്ങൾക്കും ഷൈനു മാത്യൂസ് കൈത്താങ്ങ് ആകുന്നുണ്ട്.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ യുകെ നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്‍റാണ് ഷൈനു. ഒഐസിസി യൂറോപ്പ് വനിത വിങ് കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസി ഭാരതി കേരളയുടെ ‘ദ് ലേഡി ഓഫ് എക്സലൻസ് പുരസ്‌കാരം’, ഒഐസിസി – ഇൻകാസ് ഷാർജ അവാർഡ്, ബ്രിട്ടീഷ് മലയാളി സ്പെഷ്യല്‍ അവാര്‍ഡ് ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.