കേരളത്തോളം യുഎഇയെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കുന്ന മനുഷ്യന്‍. തന്നിലെ നന്മ പ്രവാസലോകത്തിന്റെതു കൂടിയാണെന്ന് തുറന്നു പറയുന്ന മലയാളി. യുഎയുടെ വളര്‍ച്ചാ പരിണാമങ്ങളില്‍ സാക്ഷിയായി തീര്‍ന്ന എറണാകുളം ഞാറയ്ക്കല്‍ സ്വദേശി വര്‍ഗീസ് പനയ്ക്കല്‍. കഴിഞ്ഞ 55 വര്‍ഷമായി ബിസിനസ്സില്‍ വിജയഗാഥ രചിക്കുന്ന ഇദ്ദേഹത്തിന് പറയാന്‍ പ്രവാസലോകത്തെ ചൂടും തണുപ്പും നിറഞ്ഞ കഥകള്‍ ഏറെയുണ്ട്.
പ്രതിസന്ധികളുടെ തുടക്കകാലം
കേരളത്തിലേക്കുള്ള ഗള്‍ഫ് കുടിയേറ്റത്തിന്റെ തുടക്കകാലം. 1969 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള കപ്പലില്‍ പ്രതീക്ഷകളോടെ വര്‍ഗീസും കയറിപ്പറ്റി. മുന്നിലെ പ്രതിസന്ധികളുടെ വേനല്‍ക്കാലത്തെ സ്വപ്‌നങ്ങള്‍ക്കൊണ്ട് കീഴ്‌പ്പെടുത്താമെന്ന പ്രതീക്ഷമാത്രമായിരുന്നു ആ മനസ്സില്‍. മദ്രാസിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനില്‍ നിന്ന് യാത്രാനുമതി നേടിയായിരുന്നു ആ യാത്ര. ഏഴു ദിവസങ്ങള്‍ കൊണ്ട് ദുബായിലെത്തിയ ആ മനസ്സുനിറയെ പ്രതീക്ഷകളുടെ പൂക്കാലമായിരുന്നു. ദുബായില്‍ നിന്ന് അടുത്ത സുഹൃത്തായ ആന്റണി പടമാടനൊപ്പം അബുദാബിയിലേക്ക് വണ്ടി കയറി.
ആ യാത്ര എത്തിനിന്നത് അഹ്‌മദ് ഖലീല്‍ അല്‍ ബക്കര്‍ ആന്‍ഡ് സണ്‍സില്‍ ഫാര്‍മസിസ്റ്റായി. ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ അതിനെ വിശേഷിപ്പിക്കാം. ജോലി തേടിയുള്ള മുഷിപ്പുകളൊന്നുമില്ലാതെ എല്ലാം ഭംഗിയായി വന്നു ചേരുന്ന ആഹ്ലാദം ആ മനസ്സില്‍ അലയടിച്ചു. എന്നാല്‍ സമ്പന്നതയുടെ ഒരു കാലമായിരുന്നില്ല അത്. വെള്ളത്തിനും വൈദ്യുതിക്കും ഭക്ഷണത്തിനുമൊക്കെ വല്ലാത്ത ക്ഷാമം. വിശപ്പടക്കിയും ചാക്ക് നനച്ചുവിരിച്ച് അതില്‍ കിടന്നു ചൂടിനെ അകറ്റി.
മുന്നോട്ടുള്ള യാത്ര
മൂന്നു വര്‍ഷത്തെ ഫാര്‍മസിസ്റ്റായുള്ള കാലം അനുഭവങ്ങളുടെ പറുദീസ ആയിരുന്നു. അതിന്റെ കരുത്തില്‍ നിന്ന് അര്‍ഐനില്‍ സ്വന്തമായി ഫാര്‍മസി തുടങ്ങി. അല്‍നസര്‍ എന്ന ആ ഫാര്‍മസി എല്ലാവര്‍ക്കും പ്രിയപ്പെട്ട ഇടമായി. ഇതൊരു പുതിയ തുടക്കത്തിന്റെ തിരിതെളിയ്ക്കലായിരുന്നുവെന്ന് കാലം തെളിയിച്ചു. ഫാര്‍മസില്‍ ഒന്നില്‍ നിന്ന് പലതായി വളര്‍ന്നു. അല്‍നസര്‍ ക്ലീനിക്കും ജ്വലറി ശ്യംഖലകളും വിശ്വാസത്തിന്റെ പര്യായമായി ബിസിനസ്സിനൊപ്പം വര്‍ഗീസ് പനയ്ക്കലും പ്രതീക്ഷയുടെ പേരായി വളര്‍ന്നു.
സമീറ സ്‌റ്റോഴ്‌സ് എന്ന പേരില്‍ ന്യൂസ് പേപ്പര്‍ ഏജന്‍സി ആരംഭിച്ചതോടെ അത് മലയാളികള്‍ക്ക് നിര്‍ണായക വഴിത്തിരിവായി. തന്റെ ഏജന്‍സിയിലൂടെ 1500ലേറെ പത്രങ്ങളാണ് അക്കാലത്ത് വിറ്റത്.
പ്രവാസി മലയാളികളുടെ പ്രകാശം
പ്രവാസി മലയാളികള്‍ക്കിടയിലെ സജീവ സാന്നിധ്യമാണ് ഇന്ന് വര്‍ഗീസ് പനയ്ക്കല്‍. ലയണ്‍സ് ക്ലബിന്റെ 318ബി സോണ്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍, ദുബായ് റോട്ടറി ക്ലബ് അംഗം, അല്‍ഐന്‍ സെന്റ് മേരീസ് ചര്‍ച്ച് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചു വരുന്നു. നിരവധി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്.