തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്. അർജന്റീന ഫുട്ബോൾ ടീം 2025ൽ കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഓണ്‍ലൈനായി ചർച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
‘അർജൻ്റീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കും. നേരത്തേ 2024 ജൂണിൽ കളിക്കാൻ എത്തുമെന്നാണ് അറിയിച്ചത്. എന്നാൽ, ആ സമയം മൺസൂൺ സീസണായതിനാൽ പ്രയാസം അറിയിച്ചു. തുടർന്ന് 2025 ഒക്ടോബറിൽ കളിക്കാൻ സന്നദ്ധത അർജൻ്റീന അറിയിച്ചു. ഏറെ ശ്രമകരമായ ഒന്നാകും ഈ സൗഹൃദ മത്സരത്തിന്റെ സംഘാടനം എങ്കിലും കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് നൽകാവുന്ന വലിയ സമ്മാനവും ഒപ്പം നമ്മുടെ കായിക താരങ്ങൾക്ക് ഉള്ള വലിയ പ്രചോദനവും ആകും’-മന്ത്രി പറഞ്ഞു.