ന്യൂഡല്‍ഹി: അഫ്ഗാനിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ രോഹിത് ശര്‍മ തുടങ്ങിയത് വളരെ പതിയെ. പിന്നീട് കണ്ടത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രകടനം. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാന്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരില്‍ ചേര്‍ത്തു. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആറ് ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡ് ഹിറ്റ്മാന്‍ പഴങ്കഥയാക്കി. 45 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ചുറികള്‍ നേടിയത്. എന്നാല്‍ രോഹിത്തിന് ഏഴിലേക്കെത്താന്‍ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്‌സുകള്‍ മാത്രം.
ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപില്‍ ദേവ് 40 വര്‍ഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകര്‍ത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സിലെ നെവില്‍ ഗ്രൗണ്ടില്‍ സിംബാബ്വെയ്ക്കെതിരായ ഐതിഹാസിക ഇന്നിങ്‌സില്‍ 72 പന്തില്‍ നിന്നായിരുന്നു കപില്‍ ദേവിന്റെ സെഞ്ചുറി.
ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്‌സുകളില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റണ്‍സ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റണ്‍നേട്ടം 1000-ല്‍ എത്തിയത്. 20 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിനെ ഇവിടെയും രോഹിത് മറികടന്നു. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടി രോഹിത് റെക്കോഡിട്ടിരുന്നു.