ക്വാലാലമ്പൂർ: അടുത്ത വർഷം മുതൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുമെന്ന് മലേഷ്യ. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് കർശനമാക്കുകയോ നിരോധിക്കുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ മലേഷ്യൻ സർക്കാർ ഉടൻ ചേരാൻ ഒരുങ്ങുകയാണെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
16 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്ക്, ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നതോ നിലനിർത്തുന്നതോ നിയമവിരുദ്ധമാക്കുന്ന നിയമനിർമാണം സർക്കാർ തയ്യാറാക്കുകയാണെന്ന് മലേഷ്യൻ ആശയ വിനിമയ മന്ത്രി ഫഹ്മി ഫദ്‌സിൽ പറഞ്ഞു. ചൂഷണം, സൈബർ ഭീഷണി, അനുചിതമായ ഉള്ളടക്കവുമായി സമ്പർക്കം പുലർത്തൽ തുടങ്ങിയ ഓൺലൈൻ ഭീഷണികളിൽ നിന്ന് കൊച്ചുകുട്ടികളെ സംരക്ഷിക്കുന്നതിനാണ് മലേഷ്യൻ സർക്കാർ ഈ നടപടി സ്വീകരിക്കുന്നതെന്നും ഫദ്‌സിൽ കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിലെ നിരോധനത്തിന് പുതിയ നിയന്ത്രണ അധികാരങ്ങളെ പിന്തുണക്കുമെന്ന് മലേഷ്യൻ സർക്കാർ പറഞ്ഞു. നിരോധനത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രായപരിശോധന സംവിധാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമങ്ങൾ മറികടന്ന് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് നിലനിർത്താൻ അനുവദിച്ചാൽ മാതാപിതാക്കളും രക്ഷിതാക്കളും ശിക്ഷാനടപടികൾ നേരിടേണ്ടിവരും. 2026 ൽ നിരോധനം നടപ്പിലാക്കുന്നതിന് മുമ്പ് ചട്ടക്കൂട് അന്തിമമാക്കുന്നതിന് സർക്കാർ ടെക് കമ്പനികൾ, ശിശുക്ഷേമ ഗ്രൂപ്പുകൾ, അധ്യാപകർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും ഫദ്സിൽ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ടിക്ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്താനുള്ള മലേഷ്യൻ സർക്കാറിന്റെ പദ്ധതി.



