പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് കഴിഞ്ഞ ജനുവരിയിൽ മാത്രം നിരോധിച്ചത് 29,18,000 ഇന്ത്യൻ അക്കൗണ്ടുകൾ. ബുധനാഴ്ച പുറത്ത് വിട്ട വാട്‌സ്ആപ്പിന്‍റെ പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ”വർഷങ്ങളായി, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിർത്തുന്നതിനായി പല മുന്‍കരുതല്‍ നടപടികളും ഞങ്ങള്‍ സ്വീകരിച്ച് പോ ന്നിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ജനുവരി മാസത്തിൽ വാട്ട്‌സ്ആപ്പ് 2.9 ദശലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിക്കുകയാണ്”- വാട്സ് അപ്പ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറില്‍ വാട്സ് ആപ്പ് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകൾ നിരോധിച്ചിരുന്നു. പരാതി സംവിധാനം വഴി ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾക്ക് മറുപടിയായി സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടെന്ന് വാട്ട്‌സ്ആപ്പ് അറിയിച്ചു. ജനുവരിയില്‍ വാട്‌സ് ആപ്പിന് ഇന്ത്യയിൽ നിന്ന് 1,461 പരാതി റിപ്പോര്‍ട്ടുകളാണ് ലഭിച്ചത്. അതില്‍ 195 റിപ്പോർട്ടുകളിൽ നടപടിയെടുത്തു. ഇൻഫർമേഷൻ ടെക്‌നോളജി റൂൾ 2021 ന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവും ആദ്യ ദിവസമാണ് വാട്‌സ് ആപ്പ് പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുള്ളത്.