റിയാദ് : സൗദിയിലെ സർക്കാർ സേവനങ്ങൾക്കുള്ള ആപ്ലിക്കേഷനായ അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിവിൽ സ്റ്റാറ്റസ് ഏജൻസി സൂപ്പർവൈസർ മേജർ ജനറൽ സാലിഹ് അൽ മുറബ്ബയാണ് അബ്ഷർ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച പുതിയ സേവനങ്ങളെപ്പറ്റി വ്യക്തമാക്കിയത്. ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനങ്ങൾ അവതരിപ്പിച്ചതെന്ന് സാലിഹ് അൽ മുറബ്ബ പറഞ്ഞു. നശിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ കുടുംബ രജിസ്റ്റർ മാറ്റിസ്ഥാപിക്കുക, ജനന മരണ സർട്ടിഫിക്കറ്റുകൾ നൽകുക എന്നിവ അബ്ഷറിന്റെ പുതിയ സേവനങ്ങളിൽപ്പെടുന്നതാണ്. ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സേവനങ്ങൾ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. അബ്ഷർ പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടുകളിൽ ലോഗിൻ ചെയ്‌തോ സ്മാർട്ട്‌ഫോണുകളിലെ അബ്ഷർ ആപ്ലിക്കേഷൻ വഴിയോ സേവനങ്ങളുടെ നടപടിക്രമങ്ങൾ ഗുണഭോക്താക്കൾക്ക് നിരീക്ഷിക്കാൻ കഴിയുമെന്ന് സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു.
അബ്ഷർ പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ ലഭിക്കും
RELATED ARTICLES